Editorial

ബജറ്റ് കേരളീയരെ നിരാശരാക്കുന്നു

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാമത് സമ്പൂര്‍ണ ബജറ്റ് കൃഷിക്കും കാര്‍ഷികമേഖലയ്ക്കും ഊന്നല്‍ നല്‍കുന്നതും ദരിദ്രവിഭാഗങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതുമാണെന്നാണ് അവകാശവാദം. ഫലത്തില്‍ ശരാശരി ബജറ്റ് എന്നതിനപ്പുറം കേന്ദ്ര ബജറ്റിന് മികവു പറയാനാവില്ല. 7.6 ശതമാനം സാമ്പത്തിക വളര്‍ച്ചാനിരക്ക് പ്രതീക്ഷിക്കുന്ന ബജറ്റ് നിര്‍ദേശങ്ങള്‍ പ്രായോഗികരംഗത്ത് കോര്‍പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കുമാണ് ഗുണം ചെയ്യുക എന്നതാണ് അനുഭവം.
വിദേശത്തുള്ള കള്ളപ്പണം തിരിച്ചുപിടിക്കുമെന്നും ജിഎസ്ടി ബില്ല് പാര്‍ലമെന്റില്‍ അംഗീകരിച്ച് നടപ്പാക്കുമെന്നുമായിരുന്നു കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിലെ ഏറ്റവും സുപ്രധാന പരാമര്‍ശങ്ങള്‍. ഇതു രണ്ടും നടന്നില്ല. മോദി സര്‍ക്കാരിന്റെ കഴിഞ്ഞ ബജറ്റ് പോലെ ഇത്തവണയും വാഗ്ദാനങ്ങളാണ് കൂടുതല്‍. പല പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടെങ്കിലും അവ എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്ന വ്യക്തതയില്ലെന്ന എതിര്‍വാദത്തില്‍ കഴമ്പുണ്ട്.
വാജ്‌പേയി നയിച്ച എന്‍ഡിഎ സര്‍ക്കാരില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിന് പ്രത്യേക വകുപ്പും മന്ത്രിയുമുണ്ടായിരുന്നു. പിന്നീട് യുപിഎ ഇത് ഒഴിവാക്കി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വല്‍പന തുടരുമെന്നാണ് ബജറ്റ് പ്രഖ്യാപനം. രാജ്യത്ത് വിദേശനാണ്യശേഖരം 35,000 കോടി ഡോളറുണ്ടെന്നും ഇത് ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും ബജറ്റില്‍ പ്രഖ്യാപിച്ച മന്ത്രി അതില്‍ ഗണ്യമായ സംഭാവനയര്‍പ്പിച്ച പ്രവാസിസമൂഹത്തെ പാടെ വിസ്മരിച്ചു. ഗള്‍ഫ് മേഖലയില്‍നിന്നു സാമ്പത്തിക പ്രതിസന്ധിമൂലം നാട്ടിലേക്കു മടങ്ങുന്ന പ്രവാസികളെ സഹായിക്കാന്‍ ഒരു പദ്ധതിയും പ്രഖ്യാപിച്ചില്ല. പ്രവാസി പുനരധിവാസത്തിന് കേരളം പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു.
കേരളത്തിന് തീര്‍ത്തും അവഗണനയാണു ലഭിച്ചതെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം ശരിയാണ്. പ്രതിസന്ധികളിലൂടെ കടന്നുപോവുന്ന കേരളത്തിന്റെ കാര്‍ഷികമേഖല കേന്ദ്രസഹായം പ്രതീക്ഷിച്ചിരുന്നു. റബര്‍, ഏലം, നാളികേര കര്‍ഷകര്‍ നേരിടുന്ന പ്രതിസസന്ധി പരിഹരിച്ച് കാര്‍ഷികമേഖല പുനരുജ്ജീവിപ്പിക്കാനുള്ള ഒരു നിര്‍ദേശവും ബജറ്റില്‍ ഇല്ല. ഈ രംഗത്ത് കേരളം ഉറ്റുനോക്കിയത് റബര്‍ സംഭരണ പാക്കേജാണ്. രാജ്യത്തെ ആഭ്യന്തര റബര്‍ ഉല്‍പാദനത്തിന്റെ ഏറിയ പങ്കും കേരളത്തില്‍നിന്നാണ്. അതിനാല്‍ സ്വാഭാവികമായും റബര്‍മേഖലയിലെ മാന്ദ്യം ഏറ്റവുമധികം ബാധിച്ചതും കേരളത്തെയാണ്. വലിയ പ്രതിസന്ധി നേരിടുന്ന റബര്‍ മേഖലയ്ക്ക് ആശ്വാസകരമായ നടപടിക്കൊപ്പം മറ്റു വിളകളുടെ വിലത്തകര്‍ച്ചയ്ക്കുള്ള പരിഹാരവും ആവശ്യമായിരുന്നു. റബര്‍ വിലത്തകര്‍ച്ച തടയുന്നതിന് വിലസ്ഥിരതാ ഫണ്ടും പ്രത്യേക പാക്കേജും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവേളയില്‍ റബര്‍ മേഖല സംബന്ധമായി നല്‍കിയ വാഗ്ദാനങ്ങളും അവഗണിക്കപ്പെട്ടു. റബര്‍ ബോര്‍ഡിന്റെ ബജറ്റ് വിഹിതം കുറവുവരുത്തുകയും ചെയ്തു
കശുവണ്ടി, കയര്‍ മേഖല തുടങ്ങിയവയ്ക്ക് കൂടുതല്‍ ധനസഹായം കേരളം പ്രതീക്ഷിച്ചിരുന്നു. കേരളത്തിന്റെ ആവശ്യങ്ങളായ എയിംസ്, ഐഐടി, ലൈറ്റ് മെട്രോ, എയര്‍ കേരള എന്നിവയെക്കുറിച്ച് ബജറ്റില്‍ ഒരു പരാമര്‍ശവും ഇല്ല. കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിവിധ കേന്ദ്രപദ്ധതികള്‍ക്കും അര്‍ഹമായ വിഹിതം നല്‍കിയില്ല. വയനാട്ടിലെ ആദിവാസികള്‍ക്ക് പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. കേരളത്തിന് അര്‍ഹമായ പരിഗണന നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവന്നേ മതിയാവൂ.
Next Story

RELATED STORIES

Share it