Alappuzha local

ബജറ്റില്‍ പണം അനുവദിച്ചില്ല; പമ്പയാറ്റില്‍ മനുഷ്യപ്പാലം തീര്‍ത്ത് ജനകീയ സമരം

ആലപ്പുഴ: കാവാലം തട്ടാശേരി പാലത്തിന് ബജറ്റില്‍ പണം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പമ്പയാറ്റില്‍ മനുഷ്യപ്പാലം തീര്‍ത്ത് ജനകീയ സമരം. ഇന്നലെ ഉച്ചകഴിഞ്ഞ് കാവാലം റോഡ്മുക്കില്‍ നിന്ന് തട്ടാശേരിയിലേക്കാണ് പ്രതീകാത്മക പാലതീര്‍ക്കല്‍ സമരം ആരംഭിച്ചത്.ഏഴുവയസുകാരിയായ ശ്രീപാര്‍വതി മുതല്‍ അറുപത്തിയഞ്ചുകാരനായ മുരളീധരന്‍വരെ എഴുപതോളം പേരാണ് പമ്പയാറിന് കുറുകെ മനുഷ്യച്ചങ്ങല തീര്‍ത്ത് സമരം നടത്തിയപ്പോള്‍ പ്രതിഷേധമുദ്രാവാക്യം വിളികളുമായി ഇരുകരകളിലുമായി ആയിരങ്ങള്‍ തടിച്ചുകൂടി.
എ സി റോഡിനെയും എം സി റോഡിനേയും ബന്ധിപ്പിക്കുന്ന ഹ്രസ്വപാതയ്ക്കായി മങ്കൊമ്പ് പാലത്തിന്റെ തുടര്‍ച്ചയായി കാവാലം തട്ടാശേരി പാലം നിര്‍മിക്കണമെന്ന് വര്‍ഷങ്ങളായി ആവശ്യമുയര്‍ന്നിരുന്നു.
മുഖ്യമന്ത്രി, ധനമന്ത്രിയുള്‍പ്പടെയുളള ജനപ്രതിനിധികള്‍ പാലം നിര്‍മിക്കാന്‍ പണം അനുവദിക്കാമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നടപ്പാകാതെ വന്നതോടെയാണ് കാവാലം പാലം സമ്പാദക സമിതിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ സമരരംഗത്തിറങ്ങിയത്.
ആഴമേറിയ ആറ്റില്‍ നടന്ന സമരമായതിനാല്‍ പോലിസും അഗ്നിശമന സേനയും സുരക്ഷാ സന്നാഹങ്ങളൊരുക്കി. കാവാലം പഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജ്യോതി ഓമനക്കുട്ടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ കൂട്ടായ്മ കാവാലം സെന്റ് തെരേസാസ് പള്ളി വികാരി ഫാ. എമ്മാനുവല്‍ നെല്ലുവേലി ഉദ്ഘാടനം ചെയ്തു.
ഫോക്ക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് കാവാലം അംബരന്‍ സമരഗീതം ആലപിച്ചു. കാവാലം സൂര്യ സെക്രട്ടറി ജി ഹരികൃഷ്ന്‍, വിവിധ സമുദായ,സന്നദ്ധ സംഘടനാ നേതാക്കളായ സിനുരാജ് കൈപ്പുഴ, ഗോപാലകൃഷ്ണ കുറുപ്പ്, എം കെ പുരുഷോത്തമന്‍, വിജു വിശ്വനാഥ്, പി ബി ദീലീപ്, കാവാലം ഗോപകുമാര്‍, ഗോപാലകൃഷ്ണന്‍, ജോസഫ് മൂലയില്‍, സി ആര്‍ ശ്രീരാജ്, കെ നടരാജന്‍, പി ആര്‍ വിഷ്ണുകുമാര്‍ സംസാരിച്ചു.
അടുത്ത സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ പാലത്തിന് പണം അനുവദിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it