Flash News

ബഗ്ദാദി കൊല്ലപ്പെട്ടതായിറഷ്യ; സ്ഥിരീകരണമില്ല

മോസ്‌കോ: ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കഴിഞ്ഞ മാസം സിറിയയിലെ റഖയിലുണ്ടായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റഷ്യ. എന്നാല്‍, റഷ്യയുടെ അവകാശവാദം ശരിവയ്ക്കുന്നതരത്തില്‍ സ്ഥിരീകരണങ്ങളോ തെളിവുകളോ പറത്തുവന്നിട്ടില്ല. മരണ വിവരം സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തിവരുകയാണെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു. റഖയില്‍ ഐഎസ് നേതാക്കളുടെ രഹസ്യയോഗം നടക്കുന്നതായുള്ള രഹസ്യാന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞമാസം 28നായിരുന്നു റഷ്യന്‍ വ്യോമാക്രമണം. ഐഎസിന്റെ മറ്റ് ഉന്നത നേതാക്കളും 350ഓളം സായുധപ്രവര്‍ത്തകരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും റഷ്യന്‍ സേനയുടെ പ്രസ്താവനയില്‍ പറയുന്നു. ഡ്രോണുകള്‍ ഉപയോഗിച്ച് പരിശോധിച്ച് നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നതായി ഉറപ്പുവരുത്തിയശേഷമായിരുന്നു വ്യോമാക്രമണം. യോഗത്തില്‍ പങ്കെടുക്കുന്ന നേതാക്കളുടെ കൂട്ടത്തില്‍ ബഗ്ദാദിയും ഉള്ളതായാണു വിവരം ലഭിച്ചതെന്നും അക്കാര്യം വിവിധ മാര്‍ഗങ്ങളിലൂടെ പരിശോധിച്ചിരുന്നതായും റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. അതേസമയം, ബഗ്ദാദി മരിച്ചതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് സിറിയയിലെ യുഎസ് നേതൃത്വത്തിലുള്ള സൈനികസഖ്യം പ്രതികരിച്ചു. വൈറ്റ്ഹൗസ് അധികൃതരും ഈ പ്രതികരണം ആവര്‍ത്തിച്ചു. മരണവാര്‍ത്ത സംബന്ധിച്ച് സംശയങ്ങളുള്ളതായി ഇറാഖി ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. കഴിഞ്ഞ മാസാവസാനം ബഗ്ദാദി റഖയിലായിരിക്കാന്‍ സാധ്യതയില്ലെന്നും അവര്‍ പറഞ്ഞു. ബഗ്ദാദിയുടെ സഹായികളിലാരെങ്കിലുമാവാം കൊല്ലപ്പെട്ടതെന്നു സംശയിക്കുന്നു. വ്യോമാക്രമണസമയത്ത് ഇറാഖ്-സിറിയ അതിര്‍ത്തിയിലാവാം ബഗ്ദാദിയും അനുയായികളുമെന്നു കരുതുന്നതായും അവര്‍ വ്യക്തമാക്കി. ഇതിനു മുമ്പും ബഗ്ദാദി കൊല്ലപ്പെട്ടെന്നതരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ബഗ്ദാദിയുടെ മരണം സംബന്ധിച്ച റഷ്യയുടെ അവകാശവാദം ശരിയാണെങ്കില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് വലിയ പ്രതിസന്ധി— നേരിടേണ്ടിവരുമെന്നാണു വിലയിരുത്തല്‍.
Next Story

RELATED STORIES

Share it