Flash News

ബഗ്ദാദില്‍ ഇരട്ട സ്‌ഫോടനം ; 23 മരണം



ബഗ്ദാദ്: ഇറാഖി തലസ്ഥാനമായ ബഗ്ദാദിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ 23 പേര്‍ കൊല്ലപ്പെട്ടു. കരാഡ ജില്ലയിലെ ഐസ്‌ക്രീം പാര്‍ലറിലാണ് ആദ്യ സ്‌ഫോടനമുണ്ടായത്. പാര്‍ലറിന് പുറത്തുനിര്‍ത്തിയിട്ട കാറില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് 15ഓളം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പ്രശസ്തമായ മുത്തനാബി തെരുവില്‍നിന്ന് ഏതാനും വാര അകലെ ജനറല്‍ റിട്ടയര്‍മെന്റ് ഡിപാര്‍ട്ട്‌മെന്റിന് സമീപമാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്. ഇവിടെ എട്ടു പേര്‍ കൊല്ലപ്പെടുകയും 30ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇറാഖിന്റെ സുപ്രധാന നഗരങ്ങളില്‍ ഏറക്കുറെ ശാന്തമായ അന്തരീക്ഷം നിലനില്‍ക്കുമ്പോഴാണ് തലസ്ഥാനത്ത് ഇരട്ട സ്‌ഫോടനങ്ങള്‍ അരങ്ങേറിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ഐഎസിന്റെ ശക്തിദുര്‍ഗമായി ഗണിക്കപ്പെടുന്ന മൂസിലില്‍നിന്ന് അവരെ തുടച്ചുനീക്കാന്‍ മണിക്കൂറുകള്‍ മാത്രം മതിയെന്ന് ഇറാഖി സൈന്യം അവകാശപ്പെടുമ്പോഴാണ് തലസ്ഥാനത്ത് ഇരട്ട സ്‌ഫോടനങ്ങളുണ്ടായത്. കര്‍റാദയില്‍ കഴിഞ്ഞ ജൂലൈയിലുണ്ടായ സ്‌ഫോടനത്തില്‍ 300ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it