kannur local

ബക്കളം ഖാദര്‍ വധക്കേസ്: കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും



തളിപ്പറമ്പ്: മോഷണക്കേസ് പ്രതിയെ അടിച്ചുകൊന്ന കേസില്‍ പോലിസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കും. ബക്കളം പൂതപ്പാറ മൊട്ടന്റകത്ത് പുതിയപുരയില്‍ അബ്ദുല്‍ ഖാദര്‍ (38) വധക്കേസില്‍ ശാസ്ത്രീയ-സാങ്കേതിക തെളിവുകളുടെ പിന്‍ബലത്തോടെയാണ് കുറ്റപത്രം ഒരുങ്ങുന്നത്. ഇക്കഴിഞ്ഞ ജനുവരി 25നായിരുന്നു സംഭവം. വായാട് പള്ളിക്ക് സമീപത്തെ റോഡരികിലാണ് മൃതദേഹം കണ്ടത്. ശരീരത്തില്‍ ക്രൂരമായി മര്‍ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു. കാലുകള്‍ ബന്ധിച്ചിരുന്നു. പൂതപ്പാറയില്‍നിന്ന് തട്ടിക്കൊണ്ടുപോയ ഖാദറിനെ വായാട്ടുവച്ച് ഒരുസംഘം മൃഗീയമായി മര്‍ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടച്ചീരകത്ത് കെ സി നൗഷാദ്, പണിക്കറകത്ത് ശിഹാബുദ്ദീന്‍, ചാണത്തലയന്റകത്ത് സി ടി മുഹാസ്, പെരുതിയോട്ട് വളപ്പില്‍ പി വി സിറാജ്, മൊട്ടമ്മല്‍ എം അബ്്ദുല്ലക്കുട്ടി, സി കെ റാഷിദ്, കണ്ടച്ചീരകത്ത് കെ സി മനാഫ് എന്നിവരെ സി ഐ പ്രേമചന്ദ്രന്‍ അറസ്റ്റ് ചെയ്തിരുന്നു. ഏഴാംപ്രതി എം വി അബ്ദുല്‍ ലത്തീഫ്, എട്ടാം പ്രതി കണ്ടച്ചീരകത്ത് കെ സി നവാസ് എന്നിവര്‍ വിദേശത്തേക്ക് കടന്നു. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ ഫോറന്‍സിക് ലബോറട്ടറികള്‍, പോലിസ് ടെലി കമ്യൂണിക്കേഷന്‍ സെന്റര്‍ എന്നിവിടങ്ങളിലെ സാങ്കേതിക റിപോര്‍ട്ടുകള്‍ നിര്‍ണായകമാവും. ഖാദര്‍ മരിച്ചുകിടന്ന സ്ഥലത്തെ മണ്ണ്, കെട്ടാനുപയോഗിച്ച കയര്‍, മര്‍ദിക്കാനുപയോഗിച്ച വടികള്‍, പ്രതികളുടെയും ഖാദറിന്റെയും രക്തം പുരണ്ട വസ്ത്രം എന്നിവയുടെ ഫോറന്‍സിക് റിപോര്‍ട്ടുകള്‍ പോലിസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളുടെ ഫോണ്‍വിളി വിശദാംശങ്ങള്‍ വിവിധ മൊബൈല്‍ കമ്പനികളില്‍ നിന്ന് ലഭിക്കാനുണ്ട്. അതേസമയം, ഖാദറിന്റെ കൊലപാതകത്തിന് ഒത്താശ ചെയ്‌തെന്നാരോപിച്ച് ഭാര്യ ഷരീഫയെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് ഖാദറിന്റെ മാതാവ് ജില്ലാ പോലിസ് ചീഫിന് പരാതി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it