kasaragod local

ബക്കളം ഖാദര്‍ വധം: ഭാര്യയും പ്രതിപ്പട്ടികയില്‍

തളിപ്പറമ്പ്: ബക്കളം കാനൂലിലെ മൊട്ടന്റകത്ത് പുതിയപുരയില്‍ അബ്ദുല്‍ ഖാദറി (38)നെ വീട്ടില്‍നിന്നു പിടിച്ചിറക്കി കൊണ്ടുപോയി മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭാര്യയെകൂടി പ്രതിചേര്‍ത്ത് പോലിസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഖാദറിന്റെ ഭാര്യ വായാട്ടെ കെ ശരീഫ(38)യെ കഴിഞ്ഞ ദിവസമാണ് പ്രതിചേര്‍ത്ത് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയത്.
കേസില്‍ മൊത്തം 10 പ്രതികളാണുള്ളത്. വായാട് സ്വദേശികളായ കെ സി നൗഷാദ് (25), കെ സി മനാഫ് (26), കെ സി നവാസ് (28), കെ ശിഹാബുദ്ദീന്‍ (27), സി ടി മുഹാസ് (21), പി വി സിറാജ് (28), എം അബ്്ദുല്ല (25), ടി കെ റാഷിദ് (25), കോരന്‍പീടികയിലെ എം വി അബ്ദുല്‍ ലത്തീഫ് എന്നിവരാണു പ്രതികള്‍. ഇതില്‍ ലത്തീഫും നവാസും സംഭവം നടന്നയുടന്‍ വിദേശത്തേക്ക് കടന്നു. ശരീഫയെയും പോലിസ് അറസ്റ്റ് ചെയ്തിട്ടില്ല. അന്നത്തെ സിഐ കെ ഇ പ്രേമചന്ദ്രന്‍, എസ്‌ഐ കെ പ്രഭാകരന്‍ എന്നിവരാണ് കേസന്വേഷിച്ചത്. പിന്നീട് പി കെ സുധാകരന്‍ അന്വേഷണം പൂര്‍ത്തിയാക്കി.1000ത്തിലധികം പേജുള്ള കുറ്റപത്രത്തില്‍ 55 സാക്ഷികളുണ്ട്. ഇതില്‍ 30 സാക്ഷികളെ പോലിസ് ചോദ്യം ചെയ്തിരുന്നു. സ്വിഫ്റ്റ് കാര്‍, ടാറ്റ ഐസ് മിനി ലോറി, രണ്ട് ബൈക്കുകള്‍, ഇരുമ്പുദണ്ഡ്, മരവടി, കയര്‍ തുടങ്ങിയ തൊണ്ടിമുതലും കോടതിയില്‍ ഹാജരാക്കി. 2017 ജനുവരി 25ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഖാദറിനെ ബക്കളം പൂതപ്പാറ കുന്നിനുതാഴെ കാനൂലിലെ വീട്ടില്‍നിന്ന് പ്രതികള്‍ ബലമായി വയലിലേക്ക് പിടിച്ചുകൊണ്ടുപോയി. ഇവിടെവച്ച് ക്രൂരമായി മര്‍ദിച്ച ശേഷം കൈയും കാലും കെട്ടി കാറില്‍ പരിയാരത്തേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് വായാട് ജുമാ മസ്ജിദിനു സമീപത്തെ റോഡില്‍ കൊണ്ടിട്ടു. ഇവിടെ കിടന്ന് ഖാദര്‍ മരിക്കുകയായിരുന്നു. ഖാദറിനെ കൊല്ലാന്‍ ഭാര്യയും കൂട്ടുനിന്നിരുന്നതായി മാതാവ് പോലിസില്‍ മൊഴി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it