kozhikode local

ബംഗ്ലാദേശ് സ്വദേശിനിയെ പീഡിപ്പിച്ച കേസ് : ആറ് പ്രതികളെ യുവതി തിരിച്ചറിഞ്ഞു; കേസ് 17നു പരിഗണിക്കും

കോഴിക്കോട്: ബംഗ്ലാദേശ് യുവതിയെ തട്ടിക്കൊണ്ടുവന്ന് എരഞ്ഞിപ്പാലത്തെ ഫഌറ്റില്‍ പീഡനത്തിനിരയാക്കിയ കേസിലെ ആറ് പ്രതികളെ യുവതി വിചാരണക്കോടതിയില്‍ തിരിച്ചറിഞ്ഞു. ബംഗ്ലാദേശിലേക്ക് തിരികെ പോവണമെന്ന യുവതിയുടെ ആവശ്യം പരിഗണിച്ച കോടതി പാസ്‌പോര്‍ട്ട് വിട്ടുനല്‍കി അവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടറോട് ഉത്തരവിട്ടു. കേസ് നവംബര്‍ 17നു വീണ്ടും പരിഗണിക്കും.
ട്രെയിന്‍ യാത്രയ്ക്കിടെ പരിചയപ്പെട്ട മുപ്പത്തിനാലുകാരിയായ ബംഗ്ലാദേശ് സ്വദേശിനിയെ പീഡിപ്പിച്ച കേസിലെ എട്ട് പ്രതികളില്‍ ആറുപേരെയാണ് എരഞ്ഞിപ്പാലം സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് കൃഷ്ണകുമാര്‍ മുമ്പാകെ നടന്ന വിസ്താരത്തില്‍ പീഡനത്തിരയായ യുവതി തിരിച്ചറിഞ്ഞത്. ഒന്നാം പ്രതി കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ അഞ്ചില്ലത്ത് ബദയില്‍ എ ബി നൗഫല്‍(28), രണ്ടാം പ്രതി വയനാട് മുട്ടില്‍ സ്വദേശി പുതിയപുരയില്‍ വീട്ടില്‍ ബാവക്ക എന്ന സുഹൈല്‍ തങ്ങള്‍(44), മൂന്നാം പ്രതി സുഹൈലിന്റെ ഭാര്യ വയനാട് സുഗന്ധഗിരി പ്ലാന്റേഷന്‍ സ്വദേശിനി അംബികയെന്ന സാജിത(35), ആറാം പ്രതി കാപ്പാട് പീടിയേക്കല്‍ എ ടി റിയാസ് ഹുസയ്ന്‍(34), ഏഴാം പ്രതി ഫാറൂഖ് കോളജിനടത്തുള്ള നാണിയേടത്ത് അബ്ദുര്‍ റഹ്മാന്‍ (45), എട്ടാം പ്രതി കൊടുവള്ളി വലിയപറമ്പ് തൂവക്കുന്ന് ടി പി മൊയ്തു എന്നിവരെയാണ് യുവതി കോടതിയില്‍ തിരിച്ചറിഞ്ഞത്. കേസിലെ നാലാം പ്രതി കര്‍ണാടക വീരാജ്‌പേട്ട സ്വദേശി കന്നടിയന്റെ ഹൗസില്‍ സിദ്ദിഖ്(25) അഞ്ചാം പ്രതി മലപ്പുറം കൊണ്ടോട്ടി കെ പി ഹൗസി ല്‍ പള്ളിയാളി തൊടി അബ്ദുല്‍കരീം(47) എന്നിവരും കോടതിയില്‍ ഹാജരായിരുന്നു.
ഡോക്ടര്‍മാരും, അഭിഭാഷകരും, പോലിസുകാരും തന്നെ ദ്രോഹിച്ചതായും യുവതി കോടതിയില്‍ മൊഴി നല്‍കി. മഹിളാമന്ദിരത്തിന്റെ ചുമതലക്കാരിയായ കമലാദേവി മാനസികമായും ശാരീരികമായും പീഡിപ്പിച്ചതുകൊണ്ടാണ് അവിടെവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് യുവതി വെളിപ്പെടുത്തി. കോഴിക്കോട് പ്രൊവിഡന്‍സ് കോളജ് ഹിന്ദി അധ്യാപിക പ്രവിതയാണ് കോടതിയില്‍ ബംഗ്ലാദേശ് യുവതിയുടെ മൊഴി പരിഭാഷപ്പെടുത്തിയത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി സുഗതന്‍ ഹാജരായി.
ബംഗ്ലാദേശിലേക്ക് എത്രയും പെട്ടെന്ന് തിരിച്ചുപോവണമെന്ന യുവതിയുടെ ആവശ്യം പരിഗണിച്ചാണ് പാസ്‌പോര്‍ട്ട് വിട്ടുനല്‍കാനും തുടര്‍ നടപടി സ്വീകരിക്കാനും കോടതി ജില്ലാ ഭരണകൂടത്തോട് ഉത്തരവിട്ടത്.
ഹാജി അലി മജാര്‍ മസ്ജിദ് കാണാന്‍ ഇന്ത്യയിലെത്തിയ മുപ്പത്തിനാലുകാരിയായ ബംഗ്ലാദേശ് സ്വദേശിനിയെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ അപ്പാര്‍ട്ട്‌മെന്റിലെത്തിച്ച് അഞ്ച്‌പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഭര്‍ത്താവുമായി പിണങ്ങിയിറങ്ങിയ യുവതിയെ മികച്ച ജോലി വാഗ്ദാനം ചെയ്താണ് കോഴിക്കോട്ടെത്തിച്ചത്. ട്രെയിന്‍ യാത്രയ്ക്കിടെ ഡംഡം എന്ന സ്ഥലത്ത് വെച്ച് കഴിഞ്ഞ മെയ് 17നു യുവതിയെ പരിചയപ്പെട്ട മുഖ്യപ്രതി എ ബി നൗഫല്‍ വിഷദ്രാവകം മണപ്പിച്ച് മയക്കുകയായിരുന്നു. പിന്നീട് 27നു വയനാട് മുട്ടില്‍ സ്വദേശി പുതിയപുരയില്‍ വീട്ടില്‍ ബാവക്ക എന്ന സുഹൈല്‍ തങ്ങള്‍(44), ഭാര്യ വയനാട് സുഗന്ധഗിരി പ്ലാന്റേഷന്‍ സ്വദേശിനി അംബികയെന്ന സാജിത(35) എന്നിവര്‍ താമസിക്കുന്ന എരഞ്ഞിപ്പാലത്തെ അപ്പാര്‍ട്ട്‌മെന്റിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് മുറിയില്‍ പൂട്ടിയിട്ട ശേഷം യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. തൊട്ടടുത്ത ദിവസം മെയ് 28നു പെണ്‍വാണിഭസംഘത്തിന്റെ കൈയില്‍ നിന്ന് രക്ഷപ്പെട്ടോടിയ യുവതിയെ നാട്ടുകാരാണ് നടക്കാവ് പോലിസ് സ്‌റ്റേഷനില്‍ എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെയാണ് നടക്കാവ് പോലിസ് അറസ്റ്റ് ചെയ്തത്. കേസ് പെട്ടെന്ന് തീര്‍പ്പാക്കുന്നതിനായി തുടര്‍നടപടികള്‍ സെഷന്‍സ് കോടതിയില്‍ നിന്നും എരഞ്ഞിപ്പാലത്തെ സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി(മാറാട് പ്രത്യേക കോടതി)യിലേക്ക് മാറ്റുകയായിരുന്നു.
Next Story

RELATED STORIES

Share it