ബംഗ്ലാദേശ് സന്ദര്‍ശനം: റോഹിന്‍ഗ്യരെക്കുറിച്ച് പരാമര്‍ശിച്ച് മാര്‍പാപ്പ

ധക്ക: വിമര്‍ശനങ്ങള്‍ക്കൊടുവില്‍ റോഹിന്‍ഗ്യന്‍ വിഭാഗക്കാരെക്കുറിച്ച് പേരുപറഞ്ഞ് പരാമര്‍ശിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവത്തിന്റെ സാന്നിധ്യത്തെ ഇന്നു റോഹിന്‍ഗ്യരെന്നു വിളിക്കപ്പെടുന്നതായി ബംഗ്ലാദേശ് തലസ്ഥാനമായ ധക്കയിലെ സെന്റ് മേരീസ് കത്രീഡലിലെ പ്രഭാഷണത്തിനിടെ മാര്‍പാപ്പ അഭിപ്രായപ്പെട്ടു. ഇത്തവണത്തെ ഏഷ്യന്‍ സന്ദര്‍ശനത്തിനിടെ ആദ്യമായാണ് പോപ്പ് റോഹിന്‍ഗ്യരുടെ പേര് പരാമര്‍ശിക്കുന്നത്. മ്യാന്‍മറില്‍ നാലു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ബംഗ്ലാദേശിലെത്തിയത്. മ്യാന്‍മര്‍ സന്ദര്‍ശനത്തിനിടെ റോഹിന്‍ഗ്യര്‍ എന്ന വാക്ക് ഒരുതവണ പോലും ഉപയോഗിക്കാതിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടിനെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. മ്യാന്‍മര്‍ സൈന്യത്തിന്റെ പീഡനത്തെത്തുടര്‍ന്നുള്ള റോഹിന്‍ഗ്യരുടെ പലായനം സംബന്ധിച്ചു മാര്‍പാപ്പ പരസ്യമായി അഭിപ്രായപ്രകടനം നടത്തണമെന്നും ആവശ്യമുയര്‍ന്നിരുന്നു. റോഹിന്‍ഗ്യരുടെ പ്രശ്‌നങ്ങളെക്കുറിച്ചു പോപ്പിന്റെ പ്രസ്താവനകള്‍ മുമ്പ് വന്നിട്ടുണ്ടെങ്കിലും മ്യാന്‍മര്‍ സന്ദര്‍ശനത്തിനിടെ ഈ വിഷയത്തില്‍ അദ്ദേഹം മൗനം പാലിക്കുന്നതിനു സമാനമായ നിലപാട് സ്വീകരിക്കുകയായിരുന്നു. മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂച്ചിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാര്‍പാപ്പ നടത്തിയ പ്രസംഗത്തില്‍ റോഹിന്‍ഗ്യരെക്കുറിച്ച് പരാമര്‍ശിക്കാത്തതും അപലപിക്കപ്പെട്ടു. റോഹിന്‍ഗ്യര്‍ എന്ന വാക്ക് ഉപയോഗിക്കുന്നത് അപകടകരമാണെന്നും മ്യാന്‍മറിലെ ബുദ്ധമതക്കാരായ ഭൂരിപക്ഷത്തെ അതു പ്രകോപിപ്പിക്കുമെന്നും മാര്‍പാപ്പയ്ക്ക് ഉപദേശം ലഭിച്ചതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
Next Story

RELATED STORIES

Share it