World

ബംഗ്ലാദേശ്: സംവരണം അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി

ധക്ക: ബംഗ്ലാദേശില്‍ സര്‍ക്കാര്‍ ജോലിക്കായുള്ള സംവരണം അവസാനിപ്പിക്കാന്‍ തയ്യാറെന്ന് പ്രധാനമന്ത്രി ശെയ്ക്ക് ഹസീന. പാര്‍ലമെന്റിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. സംവരണത്തിനെതിരായ വിദ്യാര്‍ഥി പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ബംഗ്ലാദേശിലെ സിവില്‍ സര്‍വീസ് പരീക്ഷകളില്‍ 56 ശതമാനത്തോളം സീറ്റുകള്‍ പ്രത്യേക വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിരുന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ മക്കള്‍ക്കായാണു കൂടുതല്‍ സീറ്റുകള്‍ (30 ശതമാനം) സംവരണം ചെയ്തിട്ടുള്ളത്.
സമരത്തെ തുടര്‍ന്ന് പ്രധാന നഗരങ്ങളിലെ ഗതാഗതം സ്തംഭിച്ചെന്നും സര്‍വകലാശാലകളില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റെന്നും ശെയ്ഖ് ഹസീന പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കും പിന്നാക്ക ഗോത്രവിഭാഗങ്ങള്‍ക്കും ജോലിക്കായി പ്രത്യേക സംവിധാനം ഒരുക്കുമെന്നും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു.
സംവരണം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായ സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കാമെന്നും എന്നാല്‍ തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കണമെന്നും വിദ്യാര്‍ഥി നേതാക്കള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ പ്രതിഷേധപ്രകടനത്തിനു നേരെ റബര്‍ ബുള്ളറ്റും കണ്ണീര്‍വാതകവും പ്രയോഗിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംവരണം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് പ്രധാന റോഡുകള്‍ ഉപരോധിച്ചത്. ശെയ്ക്ക് ഹസീന അധികാരത്തിലേറിയ ശേഷം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായിരുന്നു വിദ്യാര്‍ഥിസമരം.
Next Story

RELATED STORIES

Share it