ബംഗ്ലാദേശ് വിമോചനയുദ്ധം; നേതാക്കളുടെ ദയാഹരജി തള്ളി

ധക്ക: 1971ല്‍ വിമോചനയുദ്ധകാലത്ത് നടന്ന കൂട്ടക്കൊലയില്‍ പങ്കുണ്ടെന്നാരോപിച്ചു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ടു പ്രതിപക്ഷ നേതാക്കളുടെ അപ്പീല്‍ ബംഗ്ലാദേശ് സുപ്രിംകോടതി തള്ളി. മുതിര്‍ന്ന ജമാഅത്ത് നേതാവ് അലി അഹ്‌സന്‍ മുഹമ്മദ് മുജാഹിദ്, പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷനലിസ്റ്റ് നേതാവ് സലാഹുദ്ദീന്‍ ഖാദിര്‍ ചൗധരി എന്നിവരുടെ ദയാഹരജിയാണ് കോടതി തള്ളിയത്. ദയാഹരജി ധക്ക കോടതി തള്ളിയ പശ്ചാത്തലത്തില്‍ മുജാഹിദിനെയും ചൗധരിയെയും ആഴ്ചകള്‍ക്കകം തൂക്കിലേറ്റും.
ഇരുവരുടെയും അപ്പീല്‍ കോടതി തള്ളിയതിനു പിന്നാലെ ഇന്റര്‍നാഷനല്‍ ക്രൈം ട്രൈബ്യൂണല്‍ മരണവാറന്റ് പുറപ്പെടുവിച്ചു. ഉത്തരവിന്റെ പകര്‍പ്പ് വിവിധ ജയിലുകളില്‍ എത്തിക്കുകയും ജയിലധികൃതര്‍ ഇരുവര്‍ക്കും വായിച്ചുകേള്‍പ്പിക്കുകയും ചെയ്തു. വിമോചന യുദ്ധകാലത്ത് ശാസ്ത്രജ്ഞരും പണ്ഡിതരും പത്രപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള ബുദ്ധിജീവികളെ കൊലപ്പെടുത്താന്‍ അല്‍ ബദര്‍ സംഘവുമായി ഗൂഢാലോചന നടത്തിയെന്നാണ് മുജാഹിദിനെതിരായ ആരോപണം. കൂട്ടക്കൊല, പീഡനം, തട്ടിക്കൊണ്ടുപോവല്‍ തുടങ്ങിയ കുറ്റങ്ങളും ഇദ്ദേഹത്തിനെതിരേയുണ്ട്. 2013 ജൂലൈ 17ന് ട്രൈബ്യൂണല്‍ ഇദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരുന്നു.
കൂട്ടക്കൊല, പീഡനം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് 2013 ഒക്ടോബര്‍ ഒന്നിന് ചൗധരിക്ക് വധശിക്ഷ വിധിച്ചത്. മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദാ സിയയുടെ അടുത്ത അനുയായിയാണ് ചൗധരി. 1971ലെ വിമോചന യുദ്ധക്കുറ്റത്തിന്റെ പേരില്‍ തൂക്കുമരത്തിലേക്കു നയിക്കപ്പെടുന്ന ആദ്യ ബിഎന്‍പി നേതാവ് കൂടിയാണ് ചൗധരി. 1971ലെ യുദ്ധക്കുറ്റം ചുമത്തി നിരവധി ജമാഅത്ത് നേതാക്കളെ ശെയ്ഖ് ഹസീന ഭരണകൂടം 2010ല്‍ ഏര്‍പ്പെടുത്തിയ ട്രൈബ്യൂണല്‍ ശിക്ഷിച്ചിരുന്നു.
ചൗധരിക്കെതിരേ ചുമത്തിയ 23 കേസുകളും തെളിഞ്ഞതായി നേരത്തേ ട്രൈബ്യൂണല്‍ വിധിച്ചിരുന്നു. ചിറ്റഗോങ് പ്രവിശ്യയില്‍ 200 പേരുടെ മരണത്തിനു കാരണമായ കേസടക്കം രണ്ടു കൂട്ടക്കൊല കേസും അതില്‍ ഉള്‍പ്പെടും.
ഇതേ പ്രവിശ്യയില്‍ നിന്ന് ആറു തവണ അദ്ദേഹം പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ മുസ്‌ലിംലീഗ് നേതാവ് ഫസലുല്‍ ഖാദര്‍ ചൗധരിയുടെ മൂത്ത പുത്രനാണ് സലാഹുദ്ദീന്‍ ചൗധരി. അതേസമയം, പ്രതിപക്ഷ സ്വരം ഇല്ലാതാക്കാനാണ് ശെയ്ഖ് ഹസീന ഭരണകൂടം യുദ്ധക്കുറ്റം വിചാരണ ചെയ്യാനെന്ന പേരില്‍ ട്രൈബ്യൂണല്‍ സ്ഥാപിച്ചതെന്ന ആരോപണം ശക്തമാണ്.
Next Story

RELATED STORIES

Share it