ബംഗ്ലാദേശ് യുവതിയെ നാളെ തിരിച്ചയക്കും

കോഴിക്കോട്: നഗരത്തിലെ എരഞ്ഞിപ്പാലത്തുള്ള ഒരു ഫഌറ്റില്‍ ആറുമാസം മുമ്പ് ലൈംഗിക പീഡനത്തിനിരയായ ബംഗ്ലാദേശ് യുവതിയെ പോലിസ് ഞായറാഴ്ച തിരിച്ചയക്കും. മാറാട് വിചാരണക്കോടതിയുടെ അനുമതിയോടെ ജില്ലാ ഭരണകൂടവും പോലിസും ചേര്‍ന്നാണ് യുവതിയെ സ്വദേശത്തേക്കു തിരിച്ചയയ്ക്കാനുള്ള നടപടി പൂര്‍ത്തിയാക്കിയത്.
കേസിന്റെ തുടര്‍വിചാരണകള്‍ക്ക് ഇനി യുവതിയുടെ സാന്നിധ്യം നേരിട്ട് ആവശ്യമില്ലെന്നു കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് തുടര്‍നടപടികള്‍ സ്വീകരിക്കുകയും മറ്റു നടപടികള്‍ക്കായി സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ പി ടി ബാലനെ ചുമതലപ്പെടുത്തുകയും ചെയ്തു. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് വിവേക് എക്‌സ്പ്രസില്‍ ഹൗറയിലേക്കാണ് ആദ്യം പോവുക. നടക്കാവ് പോലിസ് സ്‌റ്റേഷനിലെ എസ്‌ഐ കെ കെ മോഹന്‍ദാസ്, വനിതാപോലിസുകാരായ മിനി, ഹേമമാലിനി എന്നിവരും ഇവരുടെ അകമ്പടിക്കുണ്ടാവും. കൊല്‍ക്കത്തയില്‍ നിന്ന് ഡിസംബര്‍ ഒന്നിന് ധക്കയിലേക്കുള്ള വിമാനത്തില്‍ ഇവരെ കൊണ്ടുപോവും. ഇതിനുള്ള ചെലവുകള്‍ സിറ്റി പോലിസ് ആണ് വഹിക്കുന്നത്.
ആഭ്യന്തരവകുപ്പില്‍ നിന്ന് പിന്നീട് ഈ ചെലവ് വീണ്ടെടുക്കാന്‍ ജില്ലാ കലക്ടര്‍ സര്‍ക്കാരിന് അപേക്ഷ നല്‍കാനാണു തീരുമാനിച്ചിരിക്കുന്നത്. ട്രെയിന്‍ യാത്രയ്ക്കിടെ പരിചയപ്പെട്ട ബംഗ്ലാദേശ് യുവതിയെ തട്ടിക്കൊണ്ടുവന്ന് പ്രതികള്‍ കോഴിക്കോട് ഫഌറ്റില്‍ വച്ച് പീഡനത്തിനിരയാക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
ഹാജി അലി മജാര്‍ മസ്ജിദ് കാണാന്‍ ഇന്ത്യയിലെത്തിയ 34കാരിയായ ബംഗ്ലാദേശ് സ്വദേശിനിയെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ അപാര്‍ട്ട്‌മെന്റിലെത്തിച്ച് അഞ്ചുപേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഭര്‍ത്താവുമായി പിണങ്ങിയിറങ്ങിയ യുവതിയെ മികച്ച ജോലി വാഗ്ദാനം ചെയ്താണ് കോഴിക്കോട്ടെത്തിച്ചത്. കേസ് പെട്ടെന്നു തീര്‍പ്പാക്കുന്നതിനായി തുടര്‍നടപടികള്‍ സെഷന്‍സ് കോടതിയില്‍ നിന്നും എരഞ്ഞിപ്പാലത്തെ സ്‌പെഷ്യല്‍ അഡീഷനല്‍ സെഷന്‍സ് കോടതി (മാറാട് പ്രത്യേക കോടതി)യിലേക്ക് മാറ്റുകയുണ്ടായി.
Next Story

RELATED STORIES

Share it