ബംഗ്ലാദേശ്: മുതിയുര്‍ റഹ്മാന്‍ നിസാമിയെ തൂക്കിലേറ്റി; ജമാഅത്തെ ഇസ്‌ലാമി ഇന്ന് ദേശവ്യാപകമായി പ്രതിഷേധിക്കും

ധക്ക: ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്‌ലാമി നേതാവ് മുതിയുര്‍ റഹ്മാന്‍ നിസാമിയെ തൂക്കിലേറ്റി. ചൊവ്വാഴ്ച അര്‍ധരാത്രി ധക്ക സെന്‍ട്രല്‍ ജയിലിലാണ് വധശിക്ഷ നടപ്പാക്കിയത്. കനത്ത സുരക്ഷയാണ് ജയില്‍ പരിസരങ്ങളില്‍ ഏര്‍പ്പെടുത്തിയത്.
തെരുവുകളില്‍ ട്രാഫിക് നിരോധിച്ചിരുന്നു. 1971ലെ വിമോചനയുദ്ധകാലത്ത് പാകിസ്താനുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് 2014 ഒക്ടോബറിലാണ് അദ്ദേഹത്തെ വധശിക്ഷയ്ക്കു വിധിക്കുന്നത്.
ബംഗ്ലാദേശില്‍ ശെയ്ഖ് ഹസീന സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം രൂപം നല്‍കിയ അന്താരാഷ്ട്ര ട്രൈബ്യൂണല്‍ എന്ന സമിതിയാണ് നിസാമി കുറ്റക്കാരനെന്നു കണ്ടെത്തിയത്. അദ്ദേഹത്തിന്റെ അവസാനത്തെ അപ്പീല്‍ സുപ്രിംകോടതി തള്ളിയതോടെ വ്യാഴാഴ്ചയാണ് വധശിക്ഷ നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചത്.
വധശിക്ഷയ്ക്കു പിന്നാലെ സംഘര്‍ഷങ്ങളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം, വധശിക്ഷയില്‍ പ്രതിഷേധിച്ച് ജമാഅത്തെ ഇസ്‌ലാമി ഇന്ന് ദേശവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ആയിരക്കണക്കിന് പോലിസുകാരെയും അതിര്‍ത്തിസേനയെയും ധക്കയില്‍ വിന്യസിച്ചിട്ടുണ്ട്. മുമ്പ് ഏതാനും ജമാഅത്ത് നേതാക്കളുടെ വധശിക്ഷ നടപ്പാക്കിയ അവസരങ്ങളില്‍ വ്യാപക സംഘര്‍ഷങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
200ഓളം പേര്‍ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടു. പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ഇന്നു രാവിലെ ആറുമുതലാണ് പ്രതിഷേധം. വധശിക്ഷയ്‌ക്കെതിരേ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
വിചാരണാ നടപടികള്‍ സ്വതന്ത്രമല്ലെന്നും അംഗീകരിക്കാനാവാത്തതാണെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ ഏഷ്യാ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഫില്‍ റോബര്‍ട്ട്‌സണ്‍ ആരോപിച്ചു. 2010 മുതല്‍ നിസാമി തടവിലായിരുന്നു. നിസാമിയുടെ വധശിക്ഷയില്‍ തുര്‍ക്കി അപലപിച്ചു.
Next Story

RELATED STORIES

Share it