ബംഗ്ലാദേശ് നയതന്ത്രജ്ഞയെ പാകിസ്താന്‍ തിരിച്ചയച്ചു

ധക്ക: ബംഗ്ലാദേശിലെ പാക് നയതന്ത്രജ്ഞയെ പുറത്താക്കിയതിനു പ്രതികരണമെന്നോണം പാകിസ്താനിലെ ബംഗ്ലാദേശ് നയതന്ത്രജ്ഞ മൗഹ്ഷൂമി റഹ്മാനെ പാകിസ്താന്‍ തിരിച്ചയച്ചു. സര്‍ക്കാര്‍ വിരുദ്ധപ്രവര്‍ത്തനങ്ങളും ചാരവൃത്തി നടത്തിയെന്നും ആരോപിച്ചാണ് ഇവരെ തിരിച്ചയച്ചത്.
ഇവരോട് ഉടനടി രാജ്യം വിട്ടുപോവാന്‍ പാക് വിദേശകാര്യ മന്ത്രാലയം ഉത്തരവിടുകയായിരുന്നു. മൗഹ്ഷൂമി റഹ്മാന്‍ പോര്‍ച്ചുഗലിലെ ബംഗ്ലാദേശ് എംബസിയില്‍ ചേരുമെന്നാണ് ബംഗ്ലാദേശ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അതേസമയം, വ്യക്തമായ കാരണം നല്‍കാതെയാണ് നയതന്ത്രജ്ഞയെ തിരിച്ചുവിളിക്കാന്‍ പാകിസ്താന്‍ ആവശ്യപ്പെട്ടതെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയ വക്താവ് ഷഹ്‌രിയാര്‍ അലാം ആരോപിച്ചു. ഇത് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് ഉപകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താന്‍ ആദ്യമായാണ് ഒരു ബംഗ്ലാദേശ് നയതന്ത്രജ്ഞയെ തിരിച്ചയക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പ് നിരോധിത സംഘടനയായ ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ പാക് പ്രതിനിധിയെ തിരിച്ചുവിളിക്കാന്‍ ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it