ബംഗ്ലാദേശ്: ജമാഅത്ത് നേതാവിന്റെ വധശിക്ഷയ്‌ക്കെതിരേ പ്രതിഷേധം

ധക്ക: ജമാഅത്തെ ഇസ്‌ലാമി നേതാവ് മുതിഉര്‍ റഹ്മാന്‍ നിസാമിയെ തൂക്കിലേറ്റിയതിനെതിരേ ബംഗ്ലാദേശില്‍ പ്രതിഷേധം. 1971 യുദ്ധകാലത്തെ കൂട്ടക്കൊലക്കുറ്റം ചുമത്തിയാണ് നിസാമിയെ വധശിക്ഷയ്ക്കു വിധേയനാക്കിയത്. വടക്കു പടിഞ്ഞാറന്‍ നഗരം രാജ്ഷാഹിയില്‍ പ്രതിഷേധക്കാരും പോലിസും തമ്മില്‍ ഏറ്റുമുട്ടി. ജമാഅത്ത് പ്രവര്‍ത്തകരായ 500ഓളം വരുന്ന പ്രതിഷേധക്കാര്‍ക്കു നേരെ പോലിസ് റബര്‍ ബുള്ളറ്റ് ഉപയോഗിച്ചു വെടിവയ്പു നടത്തി. പ്രതിഷേധക്കാര്‍ തങ്ങള്‍ക്കു നേരെ കല്ലേറു നടത്തിയതിനെത്തുടര്‍ന്നാണ് വെടിവയ്പു നടത്തിയതെന്ന് പോലിസ് അറിയിച്ചു. പ്രതിഷേധക്കാരില്‍ 20 പേരെ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി രാജ്ഷാഹി പോലിസ് ഇന്‍സ്‌പെക്ടര്‍ സലിം ബാദ്ഷാ അറിയിച്ചു.

ചിറ്റഗോങ് നഗരത്തില്‍ ജമാഅത്ത് പ്രവര്‍ത്തകരും ഭരണകക്ഷി അവാമി ലീഗ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. നിസാമിക്ക് ആദരാഞ്ജലി അര്‍പിച്ച് നഗരത്തില്‍ നടന്ന ചടങ്ങില്‍ 2500ഓളം ജമാഅത്ത് പ്രവര്‍ത്തകര്‍ പങ്കെടുത്തു. സംഘര്‍ഷങ്ങളെത്തുടര്‍ന്ന് രാജ്യത്ത് സുരക്ഷ ശക്തമാക്കി. തലസ്ഥാനം ധക്കയിലെ പ്രധാന റോഡുകളില്‍ പോലിസ് ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ചു. ആയിരക്കണക്കിനു പോലിസുകാരെയാണ് പട്രോളിങിന് തലസ്ഥാനത്ത് വിന്യസിച്ചിട്ടുള്ളത്. ധക്കയിലെ സ്ഥിതി സമാധാനപരമാണെന്ന് ബംഗ്ലാദേശി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ബുധനാഴ്ച വിവിധ നഗരങ്ങളില്‍ നിസാമിക്കു വേണ്ടി ജമാഅത്ത് പ്രവര്‍ത്തകര്‍ മരണാനന്തരച്ചടങ്ങുകള്‍ സംഘടിപ്പിച്ചു.
വധശിക്ഷയെ അപലപിച്ച ജമാഅത്തെ ഇസ്‌ലാമി പ്രതിഷേധസൂചകമായി ഇന്നലെ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. രാജ്യത്ത് ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കുന്നതിനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍. നേരത്തേ 2013ല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ ജമാഅത്തെ ഇസ്‌ലാമിയെ വിലക്കിയിരുന്നു.
അതേസമയം പബ്‌ന ജില്ലയിലെ ജന്മനാട്ടില്‍ നിസാമിയുടെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നു. കഴിഞ്ഞ ദിവസം രാവിലെ അദ്ദേഹത്തെ സംസ്‌കരിച്ചതായി ബന്ധു അബ്ദുല്ലാ അല്‍ മമുന്‍ അറിയിച്ചു. നിസാമിയുടേതടക്കമുള്ള വധശിക്ഷകളുടെ പേരില്‍ ആഗോളതലത്തില്‍ ബംഗ്ലാദേശിനെതിരേ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. മനുഷ്യാവകാശ സംഘടനകളായ ആംനെസ്റ്റി ഇന്റര്‍നാഷനലും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും വധശിക്ഷയില്‍ പ്രതിഷേധം രേഖപ്പെടുത്തി. സ്വതന്ത്രമോ നീതിയുക്തമോ ആയ വിചാരണാ നടപടികളല്ല നിസാമിയുടെ കേസില്‍ നടന്നതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഏഷ്യ ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഫില്‍ റോബെര്‍ട്ട്‌സണ്‍ പറഞ്ഞു. നിസാമിയുടെ വിചാരണാ നടപടികളെ മനുഷ്യാവകാശ സംഘടനകള്‍ ചോദ്യം ചെയ്തിരുന്നു.
Next Story

RELATED STORIES

Share it