ബംഗ്ലാദേശ്: ഖാലിദ സിയക്ക് ജാമ്യം

ധക്ക: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി കഴിഞ്ഞവര്‍ഷം ജനുവരിയില്‍ നടന്ന പെട്രോള്‍ ബോംബ് ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ ബംഗ്ലാദേശ് പ്രതിപക്ഷനേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയക്ക് ധക്ക മെട്രോപൊളിറ്റന്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. കേസില്‍ സിയക്കും മറ്റ് 37 പേര്‍ക്കുമെതിരേ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. വാറന്റിനെത്തുടര്‍ന്ന് ഇന്നലെ കോടതിയില്‍ ഹാജരായ സിയക്ക് മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജി ജാമ്യം അനുവദിക്കുകയായിരുന്നു.
ജാമ്യാപേക്ഷ പരിഗണിക്കുന്നതറിഞ്ഞ് സിയയുടെ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയുടെ (ബിഎന്‍പി) നൂറുകണക്കിനു പ്രവര്‍ത്തകര്‍ ഇന്നലെ കോടതിവളപ്പില്‍ തടിച്ചുകൂടി മുദ്രാവാക്യം മുഴക്കി. കഴിഞ്ഞയാഴ്ചയാണ് മെട്രോ പൊളിറ്റന്‍ ജഡ്ജി ഖമറുല്‍ ഹുസയ്ന്‍ മൊല്ല് സിയക്കെതിരേ വാറന്റ് പുറപ്പെടുവിച്ചത്.
പ്രധാനമന്ത്രി ശെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍ക്കാരിനെതിരായി ബിഎന്‍പി നടത്തിയ പ്രക്ഷോഭങ്ങളുടെ ഭാഗമായായിരുന്നു പെട്രോള്‍ ബോംബാക്രമണം. ഒരാള്‍ കൊല്ലപ്പെടുകയും 30 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണം ആസൂത്രണം ചെയ്തു എന്നതിനാണ് സിയക്കെതിരേ കേസെടുത്തത്.
Next Story

RELATED STORIES

Share it