ബംഗ്ലാദേശി യുവതി സായയുടെ പുസ്തകം പ്രകാശനം ചെയ്തു

കോഴിക്കോട്: സായയെ നിങ്ങള്‍ക്ക് പരിചയമുണ്ടാവില്ല. എന്നാല്‍, പെണ്‍വാണിഭസംഘത്തിന്റെ വലയില്‍പ്പെട്ട് കേരളത്തില്‍ എത്തി പീഡിപ്പിക്കപ്പെട്ട ബംഗ്ലാദേശ് യുവതിയെ അറിയാത്തവര്‍ വിരളം. വെറി പിടിപ്പിക്കുന്ന ചിന്തകളില്‍ നിന്നും മോചിതയാവാന്‍ അവള്‍ ഡയറിയില്‍ കോറിയിട്ട കവിതകളും കഥകളും പുസ്തക രൂപത്തില്‍ സായ എന്ന തൂലികാ നാമത്തിലൂടെ മലയാളികള്‍ക്ക് മുമ്പില്‍ എത്തിച്ചിരിക്കുകയാണ് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആം ഓഫ് ജോയ് എന്ന സംഘടന.
പുസ്തകം കോഴിക്കോട് ടൗണ്‍ഹാളില്‍ ഡോ. എം എന്‍ കാരശ്ശേരി പ്രകാശനം ചെയ്തു. സായ എന്ന വാക്കിന്റെ അര്‍ഥം നിഴല്‍ എന്നാണ്. കോഴിക്കോട്ടെ ഒരു അഭയ കേന്ദ്രത്തില്‍ കഴിയുന്ന സായ പ്രതിനിധാനം ചെയ്യുന്നത് പീഡനത്തിനിരയായി നിഴല്‍ രൂപമായി ജീവിക്കുന്ന സ്ത്രീകളെയാണ്. ഹീര, ഓനു, നൂന്‍ എന്ന് വിളിക്കുന്ന തന്റെ മക്കള്‍ക്കു വേണ്ടിയാണ് പുസ്തകത്തിലെ വരകളും വരികളുമെന്ന് സായ ചേര്‍ത്തിട്ടുണ്ട്. എന്റെ നല്ലമ്മ, പ്രാര്‍ഥന ചൊല്ലുന്ന താളം, പ്രിയ ബംഗാള്‍, ചട്ടക്കൂടിനുള്ളിലെ ചിത്രം, വെള്ളം വെള്ളം സര്‍വത്ര, ഈദ്, പതിനൊന്നാം മണിക്കൂര്‍ തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട പതിനെട്ട് കവിതകളും പനിനീര്‍ ചെടിയുടെ മുള്ള് എന്ന കഥയും ഉള്‍പ്പെടെ സമ്പന്നമായ പുസ്തകമാണ് ഞാന്‍ എന്ന മുറിവ്. പുസ്തകതത്തിലെ കവിതയ്ക്കും കഥയ്ക്കും പുറമെ ചിത്രങ്ങള്‍ വരച്ചത് സായ തന്നെയാണ് എന്ന പ്രത്യേകതയും ഈ പുസ്തകത്തിനുണ്ട്. ബംഗാളിയില്‍ എഴുതിയ കവിതകള്‍ അനുപമ മിലിയും കഥ ജി അനൂപുമാണ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ളത്. സായ വരച്ച ഇരുപതോളം ചിത്രങ്ങളുടെ പ്രദര്‍ശനം കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടന്നുവരികയാണ്. ചടങ്ങില്‍ അന്വേഷി പ്രസിഡന്റ് കെ അജിത അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it