ernakulam local

ബംഗ്ലാദേശി യുവതിയെ വഞ്ചിച്ചകേസിലെ പ്രതി അറസ്റ്റില്‍

കൊച്ചി: ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട ബംഗ്ലാദേശി യുവതിയെ മുന്‍വിവാഹകാര്യം മറച്ചുവച്ചു ബംഗ്ലാദേശിലെത്തി മതംമാറി വിവാഹംചെയ്ത് കേരളത്തില്‍ കൊണ്ടുവന്ന് താമസിപ്പിച്ച് ആഭരണങ്ങളും പണവും സ്വന്തമാക്കിയശേഷം ഉപേക്ഷിച്ച കേസിലെ പ്രതിയെ എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റു ചെയ്തു. മാവേലിക്കര ചുനക്കര, ഐരൂര്‍ പൊന്നാലയം വീട്ടില്‍ ലിപിന്‍(29) ആണ് അറസ്റ്റിലായത്. ബംഗ്ലാദേശി യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനില്‍ പ്രതിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.മാവേലിക്കര സ്വദേശിയായ ലിപിന്‍ 2014ല്‍ ആണ് വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ ബംഗ്ലാദേശി സ്വദേശിനിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. അതേ കാലയളവില്‍ തന്നെ പ്രതി സഹപാഠിയായിരുന്ന തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ പ്രണയിച്ച് വിവാഹം കഴിക്കുകയും വീട്ടില്‍ നിന്നും അകന്ന് എറണാകുളത്ത് താമസിച്ചുവരികയുമായിരുന്നു. അതിനിടെ തിരുവനന്തപുരം സ്വദേശിനി ഉദ്യോഗാര്‍ത്ഥം ഗള്‍ഫിലേക്ക് പോവുകയും അവര്‍ അയച്ചു കൊടുക്കുന്ന പണംകൊണ്ട് ആഢംബര ജീവിതം നയിക്കുകയും ചെയ്തുവന്ന പ്രതി ഭര്‍ത്താവുമായി പിരിഞ്ഞുനില്‍ക്കുകയായിരുന്നു ബംഗ്ലാദേശി യുവതിയുമായി കൂടുതല്‍ അടുത്തു. 2017 ജനുവരിയില്‍ ധാക്കയിലെത്തിയ പ്രതി മതംമാറി ആര്യന്‍ എന്ന പേര് സ്വീകരിക്കുകയും ജനുവരി 24ന് ബംഗ്ലാദേശില്‍വച്ച് മാതാചാരപ്രകാരം യുവതിയെ വിവാഹം കഴിക്കുകയും വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് കുറച്ചുനാളുകള്‍ അവിടെ താമസിച്ചശേഷം യുവതിയെയും മകളെയും കേരളത്തിലേക്ക് കൊണ്ടുവന്ന് ആദ്യം കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള ഫഌറ്റിലും പിന്നീട് എറണാകുളം സൗത്ത് ഓവര്‍ ബ്രിഡ്ജിന് സമീപമുള്ള ഫഌറ്റിലും താമസിച്ചുവരികയായിരുന്നു. ബംഗ്ലാദേശിലെ സമ്പന്ന കുടുംബത്തിലെ അംഗമായ യുവതിയുടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങളും പണവും പ്രതി ക്രമേണ തട്ടിയെടുക്കുകയും യുവതിയുടെ പണം ഉപയോഗിച്ച് കാര്‍ വാങ്ങുകയും ചെയ്തു. ഇതിനിടെ പ്രതിയുടെ ആദ്യ വിവാഹത്തെക്കുറിച്ച് യുവതി അറിയുകയും ഇതേച്ചൊല്ലി വഴക്കുണ്ടാവുകയും തുടര്‍ന്ന് ബംഗ്ലാദേശി യുവതിയുമായുള്ള വിവാഹക്കാര്യം ആദ്യഭാര്യ അറിയുകയും മാസംതോറും പണം അയച്ചുകൊടുത്തിരുന്നത് നിര്‍ത്തുകയും ചെയ്തു. ഇത് പ്രതിയെ കൂടുതല്‍ പ്രകോപിതനാക്കുകയും യുവതിയെയും കുട്ടിയെയും ഫഌറ്റില്‍ ഉപേക്ഷിച്ച് കടക്കുകയുമായിരുന്നു. തുടര്‍ന്നാണ് പ്രതിക്കെതിരേ ബംഗ്ലാദേശി യുവതി പരാതി നല്‍കിയത്. എറണാകുളം അസി. കമ്മിഷണര്‍ ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എ അനന്തലാല്‍ ആണ് കേസന്വേഷിക്കുന്നത്. എസ്‌ഐമാരായ ജോസഫ് സാജന്‍, സുനുമോന്‍, രൂപേഷ്, എഎസ്‌ഐ മണി, എസ്‌സിപിഒമാരായ ഷാജി, ഷമീര്‍, സിപിഒമാരായ മനോജ്, റീന എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it