ബംഗ്ലാദേശില്‍ 12,000 പേര്‍ തടവില്‍; പ്രതിഷേധവുമായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

ന്യൂയോര്‍ക്ക്: ബംഗ്ലാദേശില്‍ മതേതരവാദികള്‍ക്കെതിരേയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പോലിസ് നടത്തുന്ന വ്യാപകമായ അറസ്റ്റില്‍ മനുഷ്യാവകാശ സംഘടനയായ ഹ്യുമണ്‍ റൈറ്റ്‌സ് വാച്ച് പ്രതിഷേധമറിയിച്ചു.
194 സായുധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 11,000ത്തിലധികം ആളുകളെയാണ് പോലിസ് ഇതുവരെ അറസ്റ്റ് ചെയ്തത്. നിരവധി അറസ്റ്റുകള്‍ നടക്കുന്നുണ്ടെങ്കിലും 177 പേര്‍ക്ക് മാത്രമാണ് കുറ്റകൃത്യങ്ങളുമായി ബന്ധമുള്ളതെന്നാണ് വിവരം. 13,000ത്തോളം പേര്‍ അറസ്റ്റിലായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
രാഷ്ട്രീയ എതിര്‍പ്പുകള്‍ ശമിപ്പിക്കാനായാണ് ഇത്രയധികം പേരെ അറസ്റ്റ് ചെയ്തതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണക്കാരായ ജനങ്ങളെ സര്‍ക്കാര്‍ വഞ്ചിക്കുകയാണ്. ചില കേസുകളില്‍ പ്രതിപക്ഷപ്പാര്‍ട്ടിക്കാരെ സായുധപ്രവര്‍ത്തകരായി ചിത്രീകരിക്കുന്നു- ബംഗ്ലാദേശി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എഎഫ്പി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
കുറ്റവാളികളെ അറസ്റ്റ് ചെയ്യുക തന്നെ വേണം. എന്നാല്‍, വേണ്ടത്ര തെളിവുകളൊന്നുമില്ലാതെയാണ് പലരെയും അറസ്റ്റ് ചെയ്തതെന്ന് എച്ച്ആര്‍ഡബ്ല്യു ഏഷ്യ ഡയറക്ടര്‍ ബ്രാഡ് ആഡംസ് പറഞ്ഞു.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മതേതരവാദികളും ബ്ലോഗര്‍മാരും ഉള്‍പ്പെടെ 50ഓളം പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. രാജ്യത്ത് അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയും സഖ്യകക്ഷിയായ ജമാഅത്ത് ഇസ്‌ലാമിയുമാണ് കൊലകള്‍ക്കു പിന്നിലെന്നാണ് പ്രധാനമന്ത്രി ശെയ്ഖ് ഹസീനയുടെ ആരോപണം.
Next Story

RELATED STORIES

Share it