ബംഗ്ലാദേശില്‍ നിന്നുളള കുടിയേറ്റം; ഉന്നതതല അന്വേഷണം വേണമെന്ന് കമ്മീഷന്‍

ഗുവാഹത്തി: ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റത്തെ സംബന്ധിച്ച് ഉന്നതതല അന്വേഷണം ശുപാര്‍ശ ചെയ്യുന്ന ഏകാംഗ കമ്മീഷന്‍ സുപ്രിംകോടതിക്ക് റിപോര്‍ട്ട് നല്‍കി. ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയിലെ കുടിയേറ്റത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച ഉപമന്യൂ ഹസാരിക കമ്മീഷനാണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഈ മാസം അഞ്ചിനാണ് റിപോര്‍ട്ട് നല്‍കിയത്. കമ്മീഷന്‍ ശുപാര്‍ശ സംബന്ധിച്ച് നാലാഴ്ചയ്ക്കകം പ്രതികരണമറിയിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനും അസം സര്‍ക്കാരിനും നിര്‍ദേശം നല്‍കി. നവംബര്‍ അഞ്ചിന് സുപ്രിംകോടതി വിഷയത്തില്‍ വാദം കേള്‍ക്കും.
അനധികൃത കുടിയേറ്റം തടയാന്‍ പ്രത്യേക മേഖല സൃഷ്ടിക്കണമെന്നും ഗ്രാമീണര്‍ക്ക് തിരിച്ചറിയല്‍ രേഖ നല്‍കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ഇതിനുവേണ്ടി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നയം രൂപീകരിക്കണമെന്നും റിപോര്‍ട്ടിലുണ്ട്. 1951 മുതല്‍ ഇന്ത്യന്‍ പൗരത്വമുള്ളവര്‍ക്കും അവരുടെ പിന്‍ഗാമികള്‍ക്കും മാത്രമെ ഭൂമി കൈവശം വയ്ക്കാനുള്ള അനുമതി നല്‍കാന്‍ പാടുള്ളൂവെന്ന കര്‍ശന വ്യവസ്ഥ കൊണ്ടുവരണമെന്നും ആദിവാസി ഭൂമി കൈമാറാനുള്ള നിയന്ത്രണം ആദിവാസികളില്ലാത്തവരുടെ ഭൂമി കൈമാറ്റത്തിനും ബാധകമാക്കണമെന്നും റിപോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.
വെള്ളപ്പൊക്കം, മണ്ണൊലിപ്പ് തുടങ്ങിയവ മൂലം ഭൂമി നഷ്ടപ്പെട്ടവര്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍ വഴിയാണ് ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ അസമില്‍ ഭൂമി കൈവശപ്പെടുത്തുന്നത്. അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരുടെ സഹായത്താലാണ് ഇതു നടക്കുന്നതെന്ന് കമ്മീഷന്‍ റിപോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. കുടിയേറ്റക്കാരുടെ പെരുപ്പം കാരണം തദ്ദേശീയര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗം നഷ്ടപ്പെടുന്നു. ഭൂമി കൈമാറ്റത്തിനുള്ള നിയന്ത്രണം ഈ വിഷയത്തിലും കൊണ്ടുവരണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു.
Next Story

RELATED STORIES

Share it