ബംഗ്ലാദേശില്‍ അറസ്റ്റിലായ അക്രംഖാനെ വിട്ടുകിട്ടാന്‍ പോലിസ് നടപടി തുടങ്ങി

കൊച്ചി: എറണാകുളത്തും തൃപ്പൂണിത്തുറയിലും കഴിഞ്ഞ ഡിസംബര്‍ 15നു വീട്ടില്‍ക്കയറി വീട്ടുകാരെ ബന്ദിയാക്കി കവര്‍ച്ച നടത്തിയ സംഭവത്തിലെ മുഖ്യപ്രതി ബംഗ്ലാദേശില്‍ പിടിയിലായ അക്രംഖാനെ വിട്ടുകിട്ടാന്‍ കേരള പോലിസ് നടപടികള്‍ തുടങ്ങി.
ഇരട്ടക്കവര്‍ച്ച കേസിലെ മുഖ്യപ്രതിയായ അക്രംഖാനെ ഒളിത്താവളത്തില്‍ നിന്നു ബംഗ്ലാദേശ് റൈഫിള്‍സ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ പ്രതിയായ രണ്ട് കൊലക്കേസിന്റെ അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ വിട്ടുകിട്ടാന്‍ കേരള പോലിസ് കേന്ദ്ര സഹായം തേടും. ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ അപേക്ഷ നല്‍കി ബംഗ്ലാദേശ് സര്‍ക്കാരിനെ സമീപിക്കും. ഇതിനുള്ള നടപടികള്‍ പോലിസ് ആരംഭിച്ചു. എന്നാല്‍ അവിടുത്തെ കൊലപാതകക്കേസിന്റെ നടപടികള്‍ പൂര്‍ത്തിയാവാതെ പ്രതിയെ വിട്ടുകിട്ടാനുള്ള സാധ്യതയില്ലെന്നാണു വിവരം.
കേസില്‍ ജാമ്യം ലഭിച്ചാല്‍ ഈ സമയത്തു കേരളത്തില്‍ തെളിവെടുപ്പിനും മറ്റു നടപടികള്‍ക്കുമായി കൊണ്ടുവരാന്‍ കഴിയുമോ എന്ന് പോലിസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ കൊലക്കേസ് ആയതിനാല്‍ ഉടന്‍ ജാമ്യത്തിനുള്ള സാധ്യതകളില്ലെന്നും പോലിസ് പറയുന്നു. ഈ കേസുകളില്‍ ഇയാള്‍ ബംഗ്ലദേശ് പോലിസിന്റെ പിടിയിലായെങ്കിലും ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തിവരികയായിരുന്നു.
പ്രതിയുടെ മേല്‍വിലാസമുള്ള മോറല്‍ഗഞ്ച് സ്റ്റഷനിലേക്ക് ഇയാളെ കൈമാറിയിരിക്കുകയാണ്. കവര്‍ച്ചസംഘത്തിലെ നൂര്‍ഖാന്‍ എന്ന നസീര്‍ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ ബംഗ്ലാദേശില്‍ ഒളിവിലാണ്. ഇവരുടെ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന കേരള പോലിസ് നല്‍കിയ വിവരമനുസരിച്ചാണ് അക്രംഖാനെ ബംഗ്ലാദേശ് പോലിസ് പിടികൂടിയത്.
Next Story

RELATED STORIES

Share it