Flash News

ബംഗ്ലാദേശിനെ പിടിച്ചുകുലുക്കി മോറ ചുഴലിക്കാറ്റ്‌ ; റോഹിന്‍ഗ്യന്‍ ക്യാംപുകള്‍ തകര്‍ന്നു



ധക്ക: ബംഗ്ലാദേശിന്റെ തെക്കു കിഴക്കന്‍ തീരത്ത് നാശംവിതച്ച് മോറ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. കനത്ത മഴയുടെ അകമ്പടിയോടെയാണ് ചുഴലിക്കാറ്റ് സംഹാരതാണ്ഡവമാടുന്നത്. ചൊവ്വാഴ്ച രാവിലെയാണ് കാറ്റും മഴയും തീരത്തെ പ്രക്ഷുബ്ധമാക്കിയത്. അപകടസാധ്യത മുന്നില്‍കണ്ട് പത്തു ലക്ഷത്തോളം പേരെ സര്‍ക്കാര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ചുഴലിക്കാറ്റില്‍ മ്യാന്‍മറിലെ റോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ അഭയാര്‍ഥി ക്യാംപുകള്‍ തകര്‍ന്നു. ബാലുഖാലി, കുടുപലോങ് ക്യാംപുകളിലെ അഭയാര്‍ഥിക്കുടിലുകള്‍ തകര്‍ന്നതായി അഭയാര്‍ഥി നേതാവ് ഷംസുല്‍ ആലം പറഞ്ഞു. കോക്‌സ് ബസാര്‍ ജില്ലയിലെ സെന്റ് മാര്‍ട്ടിന്‍, തെക്‌നാഫ് ദ്വീപുകളിലാണ് ചുഴലിക്കാറ്റ് കനത്ത നാശംവിതച്ചത്. ഇവിടെ നിന്നു മൂന്നര ലക്ഷം പേരെ ഒഴിപ്പിച്ചു.ഒക്ടോബറില്‍ സായുധപ്രവര്‍ത്തനങ്ങള്‍ക്കെതിരേയെന്ന പേരില്‍ മ്യാന്‍മര്‍ സൈന്യം നടത്തിയ നരനായാട്ടിനെ തുടര്‍ന്നു 74,000 റോഹിന്‍ഗ്യകളാണ് ബംഗ്ലാദേശില്‍ അഭയം തേടിയത്. ഇതോടെ, ഇവിടെയെത്തിയ അഭയാര്‍ഥികളുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞിരുന്നു. ശ്രീലങ്കയില്‍ 180ഓളം ആളുകളുടെ മരണത്തിനിടയാക്കിയ പേമാരിക്കു കാരണമായതും മോറ ചുഴലിക്കാറ്റാണെന്നാണ് വിദ്ഗധര്‍ പറയുന്നത്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മോറ ചുഴലിക്കൊടുങ്കാറ്റ് ഇന്ത്യയെയും മ്യാന്‍മറിനെയും ബാധിക്കുമെന്ന് കാലാവസ്ഥാ നീരിക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. 24 മണിക്കൂറിനകം ഒഡീഷയിലും 48 മണിക്കൂറിനകം മേഘാലയയിലും പേമാരിയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത് കണക്കിലെടുത്ത് ഇവിടങ്ങളില്‍ ജാഗ്രത പ്രഖ്യാപിച്ചു.
Next Story

RELATED STORIES

Share it