ബംഗാള്‍ സഖ്യം: മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇടതുമുന്നണി-കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് തീരുമാനമെടുത്തിട്ടില്ലെന്ന് സിപിഎം നേതാവും പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗവുമായ സൂര്യകാന്ത് മിശ്ര. സംസ്ഥാനത്ത് ജനാധിപത്യം പുനസ്ഥാപിക്കുന്നതിനാണ് മുഖ്യ പരിഗണനയെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് അസാധാരണവും അടിയന്തരാവസ്ഥയ്ക്ക് സമാനവുമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്സിനെ പുറത്താക്കാന്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കണമെന്നത് ജനങ്ങളുടെ ആഗ്രഹമാണ്. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അപ്പോള്‍ മുഖ്യമന്ത്രി ആരാവണമെന്ന് ചര്‍ച്ച ചെയ്തു തീരുമാനിക്കും.
കോണ്‍ഗ്രസ് സഖ്യം പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലുള്ളതാണോ എന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിന് അല്ല എന്നായിരുന്നു മിശ്രയുടെ മറുപടി. സഖ്യത്തിന്റെ കാര്യത്തില്‍ ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ്സിനെ പുറത്താക്കുന്നതില്‍ കോണ്‍ഗ്രസ്സിന്റെ നിലപാടെന്താണെന്ന് വ്യക്തമാക്കാന്‍ താന്‍ പൊതുചടങ്ങില്‍ ആവശ്യപ്പെട്ടതാണ്. തൃണമൂല്‍ കോണ്‍ഗ്രസ്സിനെ പുറത്താക്കി പശ്ചിമ ബംഗാളിനെയും ബിജെപിയെ പുറത്താക്കി ഇന്ത്യയെയും രക്ഷിക്കുക എന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ കോണ്‍ഗ്രസ്സും തൃണമൂല്‍ കോണ്‍ഗ്രസ്സിനെ പോലെ ഇടതുപക്ഷത്തിനെതിരേ തിരിയുകയില്ലെന്നു ഉറപ്പുണ്ടോ എന്ന് ചോദിച്ചപ്പോള്‍ തങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തേണ്ടത് ജനങ്ങളാണെന്നും വഞ്ചനയ്ക്ക് ജനങ്ങളുടെ ശിക്ഷയുണ്ടാവുമെന്ന് തീര്‍ച്ചയാണെന്നുമായിരുന്നു മിശ്രയുടെ മറുപടി.
ഇതിനിടെ ഇടതുമുന്നണി പ്രകടനപത്രിക പുറത്തിറക്കി. അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യവും പുനസ്ഥാപിക്കുമെന്ന് പത്രിക വാഗ്ദാനം ചെയ്യുന്നു.
Next Story

RELATED STORIES

Share it