ബംഗാള്‍ സഖ്യം: കോണ്‍ഗ്രസ് തീരുമാനം സിപിഎം പിബിക്ക് ശേഷം

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ സിപിഎമ്മുമായി സഖ്യമുണ്ടാക്കണോ എന്ന കാര്യത്തില്‍ ആ പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ യോഗത്തിനു ശേഷം കോണ്‍ഗ്രസ് തീരുമാനമെടുക്കും. ചൊവ്വാഴ്ചയാണ് സിപിഎം പോളിറ്റ് ബ്യൂറോ യോഗം ചേരുന്നത്. തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളില്‍ കേന്ദ്ര കമ്മിറ്റി യോഗവും ചേരും. സിപിഎം ഉന്നത നേതൃയോഗത്തിനു ശേഷം പാര്‍ട്ടി ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
കഴിഞ്ഞയാഴ്ച സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി യോഗത്തില്‍ കോണ്‍ഗ്രസ് താല്‍പര്യപ്പെടുകയാണെങ്കില്‍ സഖ്യ ചര്‍ച്ച നടത്താമെന്ന് തീരുമാനിച്ചിരുന്നു. ഈ മാസമാദ്യം പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ്സുമായുള്ള സഖ്യം തള്ളിയിരുന്നു. എന്നാല്‍, സിപിഎമ്മുമായി സഖ്യമുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ വ്യത്യസ്ത അഭിപ്രായമുണ്ട്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വിഷയത്തില്‍ ഉടനെ തീരുമാനമെടുക്കുമെന്ന് രാഹുല്‍ നേതാക്കളെ അറിയിച്ചിട്ടുണ്ട്. സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കണമെന്ന പക്ഷക്കാരനാണ്. എന്നാല്‍, ഇതിനോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പശ്ചിമബംഗാളില്‍ 34 വര്‍ഷത്തെ സിപിഎം ഭരണം അവസാനിപ്പിക്കുന്നതിനുവേണ്ടി കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യത്തിന് സാധിച്ചെങ്കിലും 2012 സപ്തംബറില്‍ ഇരു പാര്‍ട്ടികളും വഴി പിരിയുകയായിരുന്നു.
Next Story

RELATED STORIES

Share it