Flash News

ബംഗാള്‍ : വീണ്ടും വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം



കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഏഴ് നഗരസഭകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപക അക്രമം നടത്തിയെന്ന് പ്രതിപക്ഷം. ബൂത്ത് പിടിത്തവും വ്യാപക കൃത്രിമവും കാണിച്ച സാഹചര്യത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഇടത്, കോണ്‍ഗ്രസ് പാര്‍ട്ടികളടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ റോഡ് ഉപരോധിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫിസിനു മുന്നില്‍ പ്രതിഷേധ പ്രകടനവും നടത്തി. ബോംബും തോക്കുമടക്കമുള്ള മാരകായുധങ്ങളുമായാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ ബൂത്തുകള്‍ കൈയടക്കിയതെന്നും തിരഞ്ഞെടുപ്പ് നടത്തിപ്പ് വെറും പ്രഹസനമായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി സുര്യകാന്ത മിശ്ര പറഞ്ഞു. പൂജാലി മേഖലയില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ നടത്തിയ അക്രമണത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്കേറ്റെന്നും മിശ്ര പറഞ്ഞു. മുര്‍ഷിദാബാദിലെ ദോംകല്‍ നഗരത്തിലെ കോണ്‍ഗ്രസ് ബൂത്ത് ഏജന്റുമാരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ പുറത്താക്കിയെന്നും തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആധിര്‍ ചൗധരി ആവശ്യപ്പെട്ടു. വ്യാപക അക്രമം നടന്ന സാഹചര്യത്തില്‍ വോട്ടെടുപ്പ് വീണ്ടും നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്ന് ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it