ബംഗാള്‍ റാണിക്ക് രണ്ടാമൂഴം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തെയും ബിജെപിയെയും തോല്‍പ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി വിജയത്തിന്റെ വെന്നിക്കൊടി നാട്ടി. കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്തുവന്ന് 1998ലാണ് മമതാ ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ചത്. ഇടതുപക്ഷ ഭരണത്തിനെതിരേ തെരുവില്‍ പോരാടിയ മമത ജനങ്ങളുടെ ദീദി(സഹോദരി)യായി വളര്‍ന്നത് വളരെ പെട്ടെന്നായിരുന്നു.
2011ല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തൃണമൂല്‍ കോണ്‍ഗ്രസ്സിനെ മുന്നിലെത്തിക്കാന്‍ മമതയ്ക്ക് കഴിഞ്ഞിരുന്നു. സംസ്ഥാനത്ത് നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളില്‍ പെണ്‍കുട്ടികള്‍ക്കുള്ള കന്യാശ്രീ പദ്ധതി, വിദ്യാര്‍ഥികള്‍ക്കുള്ള സൈക്കിള്‍ വിതരണം, സംസ്ഥാനത്തെ 8 കോടി ജനങ്ങള്‍ക്ക് രണ്ടുരൂപയ്ക്ക് അരി പദ്ധതി എന്നിവ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍, ശാരദ ചിട്ടി ഫണ്ട്, നാരദ ഒളികാമറ വിവാദം തുടങ്ങിയവ പാര്‍ട്ടിക്ക് വലിയ ഭീഷണി സൃഷ്ടിച്ചിരുന്നു. എതിരാളികളുടെ പ്രധാന പ്രചാരണായുധവും അഴിമതി കേസുകളായിരുന്നു.
ഇടത്തരം കുടുംബത്തില്‍ സ്വാതന്ത്രസമരസേനാനിയുടെ മകളായി ജനിച്ച മമത നിയമ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് പൊതുപ്രവര്‍ത്തനത്തില്‍ പ്രവേശിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ സുബ്രത മുഖര്‍ജിയായിരുന്നു മമതയെ രാഷ്ട്രീയത്തിലേക്ക് നയിച്ചത്. 1984ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ ജാദവ്പൂര്‍ മണ്ഡലത്തില്‍നിന്ന് മുതിര്‍ന്ന സിപിഎം നേതാവും മുന്‍ ലോക്‌സഭാസ്പീക്കറുമായ സോമനാഥ് ചാറ്റര്‍ജിയെ തോല്‍പ്പിച്ചുകൊണ്ടാണ് മമത ആദ്യമായി പാര്‍ലമെന്റിലെത്തിയത്. 1989ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് തോറ്റെങ്കിലും പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ കൊല്‍ക്കത്ത സൗത്തില്‍ നിന്ന് 2009 വരെ മമത തിരഞ്ഞെടുക്കപ്പെട്ടു. 1991ല്‍ പി വി നരസിംഹറാവു മന്ത്രിസഭയില്‍ ആദ്യമായി മന്ത്രിയായി. 1999ല്‍ എ ബി വാജ്‌പേയി മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രിയുമായി. തെഹല്‍ക അഴിമതി പുറത്തുവന്നതിനെ തുടര്‍ന്ന്, റെയില്‍വേ മന്ത്രിസ്ഥാനം രാജിവച്ച അവര്‍ 2004ല്‍ വീണ്ടും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2006ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 294ല്‍ 30 സീറ്റുകള്‍ നേടാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന് സാധിച്ചു.
Next Story

RELATED STORIES

Share it