ബംഗാള്‍: തൃണമൂല്‍ തനിച്ച് മല്‍സരിക്കും

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തനിച്ച് മല്‍സരിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിയ്യതി പ്രഖ്യാപിച്ചയുടനെ മമതാ ബാനര്‍ജി പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ടു. 2011ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി ചേര്‍ന്നായിരുന്നു തൃണമൂല്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്.
വനിതാ സ്ഥാനാര്‍ഥികളുടെ എണ്ണം 31ല്‍ നിന്ന് 45 ആയും ന്യൂനപക്ഷ വിഭാഗത്തിലെ സ്ഥാനാര്‍ഥികളുടെ എണ്ണം 38ല്‍ നിന്ന് 57 ആയും വര്‍ധിപ്പിച്ചതായി മമതാ ബാനര്‍ജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശാരദാ ചിട്ടി ഫണ്ട് കേസില്‍ പ്രതിയായ മുന്‍ ഗതാഗതമന്ത്രി മദന്‍ മിത്ര, ബംഗാള്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ലക്ഷ്മിന്‍ രത്തന്‍ ശുക്ല, മുന്‍ ബിസിസിഐ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയയുടെ മകള്‍ വൈശാലി ഡാല്‍മിയ, മുന്‍ ഫുട്‌ബോള്‍ കാപ്റ്റന്‍ ബയ്ചുങ് ഭൂട്ടിയ, ഫുട്‌ബോള്‍ താരം റഹീം നബി എന്നിവര്‍ സ്ഥാനാര്‍ഥികളാണെന്ന് അവര്‍ പറഞ്ഞു.
ചില എംഎല്‍എമാരുടെ സിറ്റിങ് സീറ്റുകള്‍ മാറ്റിയിട്ടുണ്ട്. കുറച്ചുപേരെ ഒഴിവാക്കിയിട്ടുമുണ്ട്. ആറു ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ അവര്‍ സ്വാഗതംചെയ്തു. സംസ്ഥാനത്ത് യാതൊരു വര്‍ഗീയ സംഘര്‍ഷങ്ങളുമില്ല. തികച്ചും സമാധാന അന്തരീക്ഷമാണ്. സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനള്ള ഗൂഢാലോചനയാണു പ്രതിപക്ഷം നടത്തുന്നത്- അവര്‍ പറഞ്ഞു.
സിപിഎമ്മും കോണ്‍ഗ്രസ്സും കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് പശ്ചിമബംഗാളിലെ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തെ പരിഹസിച്ചുകൊണ്ട് അവര്‍ ആവശ്യപ്പെട്ടു. പശ്ചിമബംഗാളില്‍ അവിശുദ്ധ കൂട്ടുകെട്ട് അവരുടെ കെട്ടിവച്ച പണം നഷ്ടപ്പെടുത്തുമെന്നും മമത പറഞ്ഞു.
Next Story

RELATED STORIES

Share it