ബംഗാള്‍ തിരഞ്ഞെടുപ്പ്: സംഘര്‍ഷങ്ങളില്‍ നിരവധി പേര്‍ക്കു പരിക്ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ അഞ്ചാംഘട്ട വോട്ടെടുപ്പിനോടനുബന്ധിച്ചു നടന്ന സംഘര്‍ഷങ്ങളില്‍ നിരവധി പേര്‍ക്കു പരിക്ക്. വിവിധയിടങ്ങളിലായി നടന്ന സംഘര്‍ഷങ്ങളില്‍ മുപ്പതോളം പേര്‍ക്കു പരിക്കേറ്റതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബസന്തി നിയോജകമണ്ഡലത്തിലെ സര്‍ബേരിയ ബസാറില്‍ നടന്ന സംഘര്‍ഷത്തില്‍ 10 പേര്‍ക്കു പരിക്കേറ്റു. ഇവിടെ തൃണമൂല്‍ പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരെയും ആര്‍എസ്പി പ്രവര്‍ത്തകരെയും അകാരണമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സിപിഎം നേതൃത്വം ആരോപിച്ചു.
ഫുല്‍മലഞ്ച മേഖലയിലെ ബൂത്ത് ഏജന്റായ ബിജെപി പ്രവര്‍ത്തകനെ തൃണമൂല്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി ബിജെപി ആരോപിച്ചു.
ജ്യോതിഷ്പൂരിലെ കടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്ന ആര്‍എസ്പി പ്രവര്‍ത്തകനെ ഒരു സംഘം ആളുകള്‍ കടയില്‍ കയറി മര്‍ദ്ദിച്ചു. ചക്കര്‍ബേരിയ മേഖലയില്‍ തൃണമൂല്‍ പ്രവര്‍ത്തകനായ നൂര്‍ അലാമിനും മര്‍ദ്ദനമേറ്റു. സംഭവത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു തൃണമൂല്‍ നേതൃത്വം പറഞ്ഞു.
സംഘര്‍ഷസ്ഥലങ്ങളില്‍ പാഞ്ഞെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലം സംഘര്‍ഷം വ്യാപിക്കുന്നത് തടയാനായെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതിനിടെ, മുത്തച്ഛന്‍ സിപിഎമ്മിന് വോട്ട് ചെയ്തതിന്റെ പ്രതികാരം തീര്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏഴു വയസ്സുകാരിയെ മര്‍ദ്ദിച്ചതായി പരാതി. പശ്ചിമബംഗാളിലെ ഹരിദേവ്പുരിലാണ് സംഭവം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്ന് കുട്ടിയുടെ മാതാവ് ബസന്തിബോര്‍ പറഞ്ഞു. മുത്തച്ഛനെ അന്വേഷിച്ചാണ് സംഘം വീട്ടിലെത്തിയതെന്നും കുട്ടി പറഞ്ഞു.
പുറത്ത് ബഹളംകേട്ട് നോക്കിയപ്പോള്‍ ഗേറ്റ് തള്ളിത്തുറക്കുകയായിരുന്നു. ഗേറ്റ് തട്ടി ശരീരത്തില്‍ മുറിവേറ്റു. പിന്നീട് അകത്തു കടന്ന സംഘം വടികൊണ്ടു തന്നെ വീണ്ടും മര്‍ദ്ദിക്കുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു. പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രദേശത്ത് മറ്റു സിപിഎം പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റതായി പരാതിയുണ്ട്.
സംഭവം അപലപനീയമാണെന്നു ബെഹല മണ്ഡലം തൃണമൂല്‍ സ്ഥാനാര്‍ഥിയും കൊല്‍ക്കത്ത മേയറുമായ സോവല്‍ ചാറ്റര്‍ജി പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിതില്‍ പങ്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it