ബംഗാള്‍ തിരഞ്ഞെടുപ്പ് സിപിഎമ്മും കോണ്‍ഗ്രസ്സും സംയുക്ത പ്രചാരണത്തിന്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് കക്ഷികള്‍ തമ്മിലുള്ള സഖ്യം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ലെങ്കിലും ഇരുപാര്‍ട്ടികളിലെയും സംസ്ഥാന നേതാക്കളും പ്രവര്‍ത്തകരും സംയുക്ത പ്രചാരണത്തിന് ഒരുങ്ങിക്കഴിഞ്ഞു.
സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ആദിര്‍ ചൗധരിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സാലിമും സഖ്യത്തെ അനുകൂലിച്ചു പ്രസ്താവന നടത്തി. ഇരുകക്ഷികളും സംയുക്തമായി റാലികളും തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ പ്രതിഷേധയോഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും കോണ്‍ഗ്രസ്സിന്റെ ചിഹ്നമായ കൈയും സിപിഎമ്മിന്റെ അരിവാള്‍ ചുറ്റികയും കൂട്ടിച്ചേര്‍ത്തുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇരുകക്ഷികളുടെയും നേതാക്കള്‍ സീറ്റ് വിഭജന ചര്‍ച്ചകളും തുടങ്ങി. തൃണമൂല്‍ കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്താനും ബിജെപിയെ ഒറ്റപ്പെടുത്താനും വേണ്ടി ജനാധിപത്യ- മതേതര ശക്തികളുടെ സഹകരണമാവശ്യപ്പെട്ട സിപിഎമ്മിന്റെ ആഹ്വാനത്തെ പിന്തുണയ്ക്കണമെന്നാണ് ആദിര്‍ ചൗധരി മറ്റു ജനാധിപത്യകക്ഷികളോട് ആവശ്യപ്പെട്ടത്.
ജനങ്ങള്‍ സഖ്യം ആഗ്രഹിക്കുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ കൂട്ടായ്മ രാഷ്ട്രീയകക്ഷികളുടെ സഖ്യത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ജനങ്ങളുടെ വികാരം നാം മാനിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, കോണ്‍ഗ്രസ്-സിപിഎം സഖ്യത്തെ തൃണമൂല്‍ എംപി സുദീപ് ബന്ദോപാധ്യായ വിമര്‍ശിച്ചു. സംസ്ഥാനത്ത് സിപിഎമ്മുമായി സഖ്യ സാധ്യതയില്ലെന്നാണ് സോണിയാഗാന്ധി തന്നോട് പറഞ്ഞതെന്ന് ബന്ദോപാധ്യായ വെളിപ്പെടുത്തി.
കോണ്‍ഗ്രസ് -സിപിഎം സഖ്യം തങ്ങളെ ബാധിക്കുകയില്ലെന്നാണ് തൃണമൂലിന്റെ നിലപാട്. അങ്ങനെയാണെങ്കില്‍ സഖ്യത്തെക്കുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നിരന്തരം പ്രസ്താവന നടത്തുന്നതെന്തിനാണെന്ന് ആദിര്‍ ചൗധരി ചോദിച്ചു. സിപിഎം- കോണ്‍ഗ്രസ് സഖ്യം യഥാര്‍ഥ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അബ്ദുല്‍ മനാന്‍ പറഞ്ഞു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന് 39.7ഉം ഇടതുകക്ഷികള്‍ക്ക് 29.9ഉം കോണ്‍ഗ്രസ്സിന് 9.7ഉം ബിജെപിക്ക് 16.9ഉം ശതമാനം വോട്ടുകളാണ് ലഭിച്ചത്.
Next Story

RELATED STORIES

Share it