ബംഗാളില്‍ പാര്‍ട്ടികളുടെ സൈബര്‍ പോരാട്ടം

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേളികൊട്ടുയരുംമുമ്പുതന്നെ പശ്ചിമബംഗാളിലെ രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം സൈബര്‍ ലോകത്ത് പണിതുടങ്ങിയിരുന്നു. വിജ്ഞാപനം പുറപ്പെടുവിക്കുകയും അടുത്ത മാസം 4 മുതല്‍ മെയ് 5വരെ അഞ്ചു ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുമെന്ന് അറിയുകകൂടി ചെയ്തതോടെ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങി നവസാമൂഹിക മാധ്യമങ്ങളില്‍ വാദപ്രതിവാദം പൊടിപൊടിക്കുകയാണ്.
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും അനുയായികളും ഒരുപടി മുന്നിലാണ്. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ തന്നെ ഇത്തവണയും വെന്നിക്കൊടി നാട്ടുമെന്നാണ് ഐബി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു നല്‍കിയ റിപോര്‍ട്ട്. സോഷ്യല്‍മീഡിയ തരംഗം പരിശോധിച്ചാണ് ഐബി ഈ നിലപാടിലെത്തിയതെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം. കഴിഞ്ഞതവണത്തെ 184 സീറ്റിനേക്കാള്‍ കൂടുതല്‍ തൃണമൂല്‍ പിടിക്കുമെന്നും ഐബി റിപോര്‍ട്ടിലുണ്ട്.
ഫേസ്ബുക്കും ട്വിറ്ററും പതിവായി ഉപയോഗിക്കുന്ന മമത സൈബര്‍ ലോകത്ത് സുപരിചിതമായ മുഖമാണ്. ഫേസ്ബുക്കില്‍ 16 ലക്ഷവും ട്വിറ്ററില്‍ 2.6 ലക്ഷവും ഫോളോവേഴ്‌സുണ്ടവര്‍ക്ക്. പാര്‍ട്ടി ദേശീയ വക്താവ് ദെരെക് ഒബ്രിയന് ട്വിറ്ററില്‍ ആറു ലക്ഷത്തിലധികം പിന്തുടര്‍ച്ചക്കാരാണുള്ളത്. കൂടാതെ സര്‍ക്കാരിന്റെ വിവിധ പദ്ധതികളും നേട്ടങ്ങളും പ്രചരിപ്പിക്കാന്‍ പ്രത്യേക സംഘത്തെ തന്നെ തൃണമൂല്‍ ഒരുക്കിയിട്ടുണ്ട്.
സിപിഎം നേതാക്കളായ സൂര്യകാന്ത് മിശ്ര, മുഹമ്മദ് സലീം, സുജന്‍ ചക്രവര്‍ത്തി, റീതാബ്രതാ ബാനര്‍ജി തുടങ്ങിയവരും സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. ആധിര്‍ രഞ്ജന്‍ ചൗധരി, ഓംപ്രകാശ് മിശ്ര തുടങ്ങിയ നേതാക്കളെയാണ് സൈബര്‍ പോരാട്ടത്തിന് കോണ്‍ഗ്രസ് നിയോഗിച്ചിട്ടുള്ളത്. ജമ്മുകശ്മീരിലും ഹരിയാനയിലും പാര്‍ട്ടിയെ വിജയത്തിലെത്തിക്കാന്‍ സഹായിച്ച നീരജ് ഗൗറിനെ ബിജെപി രംഗത്തിറക്കിയിട്ടുണ്ട്. ബിജെപിയുടെ സംസ്ഥാന ഘടകം ഐടി വിദഗ്ധരടങ്ങുന്ന പ്രത്യേക സംഘത്തിനു പ്രചാരണച്ചുമതല നല്‍കിക്കഴിഞ്ഞു.
Next Story

RELATED STORIES

Share it