ബംഗാളില്‍ പരാജയപ്പെട്ട നാല് മുന്‍മന്ത്രിമാര്‍ക്ക് കാബിനറ്റ് പദവി

ന്യൂഡല്‍ഹി: കേരളത്തില്‍ വി എസ് അച്യുതാനന്ദനെ കാബിനറ്റ് പദവിയോടെ മന്ത്രിസഭയുടെ ഉപദേശകനാക്കാനുള്ള നീക്കം നടക്കവെ പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ കാബിനറ്റ് പദവിയോടെ നാല് ഉപദേശകര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട നാലു മുന്‍മന്ത്രിമാര്‍ക്കാണ് മന്ത്രിമാരുടെ അതേ പദവിയോടെ കാബിനറ്റ് റാങ്കുള്ള ഉപദേശകസ്ഥാനം നല്‍കുന്നത്.
മുന്‍ ഊര്‍ജമന്ത്രി മനീഷ് ഗുപ്തയാണ് ഉപദേശകരില്‍ ഒരാള്‍. ഊര്‍ജ- പാരമ്പര്യേതര ഊര്‍ജ മേഖലയില്‍ മുഖ്യമന്ത്രിയുടെ ഉപദേശകസ്ഥാനമാവും അദ്ദേഹത്തിനു ലഭിക്കുക. മുന്‍ ആരോഗ്യ നിയമകാര്യ മന്ത്രി ചന്ദ്രിമാ ഭട്ടാചാര്യ, മുന്‍ പൊതുമരാമത്ത് മന്ത്രി ശങ്കര്‍ ചക്രവര്‍ത്തി, മുന്‍ പിന്നാക്കക്ഷേമ മന്ത്രി ഉപേന്ദ്രനാഥ് വിശ്വാസ് എന്നിവരാണ് കാബിനറ്റ് റാങ്ക് ലഭിക്കുന്ന മറ്റുള്ളവര്‍. പശ്ചിമബംഗാള്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ മേധാവി സ്ഥാനവും വഹിക്കുന്ന ചന്ദ്രിമ, ഈ സ്ഥാനത്ത് കാബിനറ്റ് പദവിയോടെയാവും പ്രവര്‍ത്തിക്കുക. പൊതുമേഖലാ സ്ഥാപനങ്ങളായ മക്കിന്റോഷ് ബേണ്‍, വെസ്റ്റിങ് ഹൗസ് സാക്‌സ്ബി ഫാര്‍മര്‍ ലിമിറ്റഡ്, ബ്രിട്ടാനിയ എന്‍ജിനീയറിങ് എന്നിവയുടെ മേധാവിയായിട്ടായിരിക്കും ശങ്കര്‍ ചക്രവര്‍ത്തി നിയമിക്കപ്പെടുക. ഉപേന്ദ്ര വിശ്വാസ് പിന്നാക്കക്ഷേമ വകുപ്പിന്റെ കീഴിലുള്ള രണ്ട് കോര്‍പറേഷനുകളുടെ മേധാവിയാവും.
Next Story

RELATED STORIES

Share it