ബംഗാളില്‍ ഇടതുപക്ഷത്തിന്റെ നിലനില്‍പ്പ് ഭീഷണിയില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടി നേരിട്ട സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്ന് പോളിറ്റ് ബ്യൂറോ അംഗവും മുന്‍ എംപിയുമായ ഹനാന്‍ മൊല്ല. വോട്ട് ചോര്‍ച്ച തടയാനുള്ള നടപടിയെടുത്തില്ലെങ്കില്‍ പാര്‍ട്ടിക്ക് നിരവധി ചോദ്യങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.  കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയതിലൂടെ പാര്‍ട്ടി പ്രത്യയശാസ്ത്രമാണ് ബലികഴിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലേറുന്നത് തടയാന്‍ സ്വീകരിച്ച തന്ത്രം പാര്‍ട്ടിക്കു നഷ്ടമുണ്ടാക്കി. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച 62 സീറ്റ് 2016ല്‍ 32 ആയി കുറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ്സിനെതിരായ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയത്. എന്നാല്‍, ഇതില്‍ കോട്ടം പാര്‍ട്ടിക്കായിരുന്നു. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് നയമാണോ പാര്‍ട്ടി ജനങ്ങളില്‍ നിന്നകന്നതാണോ ഇതിനു കാരണമെന്നും പരിശോധിക്കേണ്ടിയിരിക്കുന്നു. 2009നേക്കാള്‍ 19 ശതമാനമാണ് ഇടതുപക്ഷത്തിന് വോട്ടുകള്‍ ഇത്തവണ കുറഞ്ഞത്. 2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 43.6 ശതമാനമായിരുന്നു ഇടതുപക്ഷത്തിന് വോട്ട്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് 41 ശതമാനമായി കുറഞ്ഞു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 29 ശതമാനമായും ഇത്തവണ 24 ശതമാനമായും കുറഞ്ഞു. ജനവികാരം മനസ്സിലാക്കാനും പാര്‍ട്ടി ജനങ്ങളില്‍ നിന്നകന്നതറിയാനും കഴിയാത്ത നേതൃത്വമാണ് കോണ്‍ഗ്രസ് സഖ്യത്തിന് തുടക്കമിട്ടതെന്നും ഹനാന്‍ മൊല്ല ആരോപിച്ചു.  പാര്‍ട്ടി നേതൃത്വം പശ്ചിമബംഗാള്‍ ഘടകത്തിന്റെ രാഷ്ട്രീയനയം പരിശോധിക്കുമെന്നും അതില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് നയം തിരുത്തുമെന്നും പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് അറിയിച്ചു. നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാന്‍ യഥാര്‍ഥത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു. പരാജയ കാരണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഖ്യത്തിനനുകൂലമായി വോട്ട് ചെയ്യാത്തതാണെന്ന് സഖ്യത്തിന്റെ ആസൂത്രകനും പോളിറ്റ് ബ്യൂറോ അംഗവുമായ മുഹമ്മദ് സലീം ആരോപിച്ചു.
Next Story

RELATED STORIES

Share it