ബംഗാളിലെ നേതാജിയുടെ ജീവിതം; അന്വേഷണത്തിന് നെഹ്‌റു ഉത്തരവിട്ടിരുന്നു

ഹൈദരാബാദ്: വടക്കന്‍ ബംഗാളിലെ ഷാലുമാരി ആശ്രമത്തില്‍ 1960കളില്‍ ഉണ്ടായിരുന്ന കെ കെ ഭണ്ഡാരി, നേതാജി സുഭാഷ് ചന്ദ്രബോസ് ആണെന്നു സംശയം. മെയ് 27ന് പരസ്യപ്പെടുത്തിയ സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട രേഖകളിലാണ് ഇത്തരമൊരു നിഗമനത്തിന് ആക്കംകൂട്ടുന്ന വിവരമുള്ളത്. 1963ല്‍ കെ കെ ഭണ്ഡാരി എന്ന പേരില്‍ ജീവിക്കുകയായിരുന്നു നേതാജി എന്നാണ് രേഖകള്‍ നല്‍കുന്ന സൂചന.
അന്നത്തെ സര്‍ക്കാരിലെ ഉന്നതര്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നതായുള്ള രേഖകളാണ് ഇവ. ഷാലുമാരി ആശ്രമത്തിന്റെ സെക്രട്ടറി രമണി രഞ്ജന്‍ ദാസ് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് കത്തെഴുതിയതു മുതലാണ് ആശ്രമത്തെയും നേതാജിയെയും ബന്ധിപ്പിച്ച് ചര്‍ച്ചകള്‍ക്കു തുടക്കമാവുന്നത്. കത്തിന്റെ അടിസ്ഥാനത്തില്‍ നെഹ്‌റുവിന്റെ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി കെ റാം രഹസ്യാന്വേഷണ മേധാവി ബി എന്‍ മാലിക്കിന് 1963 മെയ് 23ന് മെമ്മോ നല്‍കി. ഇതിനുള്ള മറുപടിയായി ജൂണ്‍ 12ന് കെ കെ ഭണ്ഡാരിയെക്കുറിച്ച് മറുപടി നല്‍കിയതായും രേഖകള്‍ പറയുന്നു. അതേവര്‍ഷം സപ്തംബര്‍ ഏഴിന് ഭണ്ഡാരിയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അതീവരഹസ്യ റിപോര്‍ട്ട് പ്രകാരം രഹസ്യാന്വേഷണ ഏജന്‍സിയെ ഓര്‍മിപ്പിച്ചതായും ഇതിനു നവംബര്‍ 16ന് മറുപടി നല്‍കിയതായും പറയുന്നു. 2000ത്തില്‍ കെ കെ ഭണ്ഡാരിയും ഷാലുമാരി ആശ്രമവും സംബന്ധിച്ച വിഷയം ഉയര്‍ന്നുവന്നത് ജ. മുഖര്‍ജി കമ്മീഷന്റെ ഇടപെടലിനെതുടര്‍ന്നായിരുന്നു.
Next Story

RELATED STORIES

Share it