ബംഗാളിലെ കോണ്‍ഗ്രസ് സഖ്യംതിരിച്ചടിയായെന്ന് പിബി

ബംഗാളിലെ കോണ്‍ഗ്രസ് സഖ്യംതിരിച്ചടിയായെന്ന് പിബി
X
ldfudf

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യം തിരിച്ചടിക്ക് കാരണമായെന്ന് വിലയിരുത്തല്‍. തിരഞ്ഞെടുപ്പിനു മുമ്പായി കേന്ദ്രകമ്മിറ്റി കൈക്കൊണ്ട തീരുമാനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ലംഘിച്ചെന്നും സിപിഎം പോളിറ്റ്ബ്യൂറോ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. കോണ്‍ഗ്രസ്സുമായി തിരഞ്ഞെടുപ്പ് ധാരണയെന്ന തീരുമാനത്തെ അട്ടിമറിച്ച് നേതാക്കള്‍ ഒരുമിച്ച് വേദി പങ്കിടുന്നതില്‍ വരെ കാര്യങ്ങളെത്തിയത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായെന്നായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍, കോണ്‍ഗ്രസ്സുമായുള്ള സഖ്യം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗുണകരമായെന്നു വാദിച്ച് ബംഗാള്‍ ഘടകം യെച്ചൂരിയെ പിന്തുണച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റിപോര്‍ട്ട് ബംഗാള്‍ ഘടകം ഇന്നലെ പിബിക്ക് സമര്‍പ്പിച്ചിരുന്നു. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ച. വി എസ് അച്യുതാനന്ദന് എന്തു പദവി നല്‍കണമെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയും തീരുമാനവും ഇന്നുണ്ടാവും. നാലു സംസ്ഥാനങ്ങളിലായി നടന്ന തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ പിബി യോഗം ചേര്‍ന്നത്. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എം എ ബേബിയും പങ്കെടുത്തു. പരസ്യസഖ്യം വേണ്ടെന്നും ജനാധിപത്യ ശക്തികളുമായുള്ള ധാരണ മാത്രം മതിയെന്നുമായിരുന്നു കേന്ദ്രകമ്മിറ്റി യോഗത്തില്‍ കൈക്കൊണ്ടതെന്നും ഇതിന് വിപരീതമായാണ് ബംഗാളില്‍ സംഭവിച്ചതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ബംഗാള്‍ ഒഴിച്ചുള്ള മറ്റെല്ലാ ഘടകങ്ങളും പൊതുവെ ബംഗാളില്‍ കോണ്‍ഗ്രസ്സുമായുണ്ടാക്കിയ പരസ്യസഖ്യത്തെ എതിര്‍ത്തു. ഇതു പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രപരമായ പരാജയമായെന്ന വിമര്‍ശനവും ഉയര്‍ന്നു. ഇത്തരമൊരു നീക്കം നടന്നതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ യെച്ചൂരിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും വിമര്‍ശനമുയര്‍ന്നു.  എന്നാല്‍, ധാരണ മാത്രമായിരുന്നു ആദ്യഘട്ടത്തില്‍ നടപ്പാക്കിയതെന്നും പിന്നീട് പ്രവര്‍ത്തകര്‍ സ്വന്തം തീരുമാനപ്രകാരം പരസ്യപ്രചാരണത്തിലേക്ക് നീങ്ങുകയായിരുന്നുവെന്നും ബംഗാള്‍ ഘടകം വിശദീകരിച്ചു.
Next Story

RELATED STORIES

Share it