ബംഗാളിലെ അടവുനയം: കോണ്‍ഗ്രസ്സുമായി സഖ്യമില്ലെന്നു യെച്ചൂരി

ബംഗാളിലെ അടവുനയം: കോണ്‍ഗ്രസ്സുമായി സഖ്യമില്ലെന്നു യെച്ചൂരി
X
Sitaram Yechury CPM

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഹകരണം എന്ന പേരിലുണ്ടാക്കിയ അനൗദ്യോഗിക സഖ്യത്തെച്ചൊല്ലി സിപിഎം കേന്ദ്രനേതൃത്വത്തില്‍ അഭിപ്രായഭിന്നത. കോണ്‍ഗ്രസ്സുമായി ഒരിക്കലും പരസ്യമായി സഖ്യം പാടില്ലെന്ന പോളിറ്റ്ബ്യൂറോയുടെ നിര്‍ദേശം ബംഗാള്‍ ഘടകം അവഗണിച്ചതിലാണു കേന്ദ്രനേതൃത്വത്തിന് അതൃപ്തിയുള്ളത്. പിബിയുടെ നിര്‍ദേശം ഒരുവിഭാഗം അട്ടിമറിച്ചതായി നേതൃത്വത്തിലെ കോ ണ്‍ഗ്രസ് സഹകരണ' വിരുദ്ധര്‍ ആരോപിക്കുന്നു.
കേരളാ ഘടകത്തിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് കോണ്‍ഗ്രസ്സുമായി അടവുനയം സ്വീകരിക്കാന്‍ പോളിറ്റ്ബ്യൂറോ ഫെബ്രുവരിയിലാണ് ബംഗാള്‍ ഘടകത്തിന് അനുമതിനല്‍കിയത്. കോണ്‍ഗ്രസ്സുമായി ധാരണയോ സഖ്യമോ പരസ്യസഹകരണമോ പാടില്ലെന്ന് പിബി പ്രത്യേകം നിര്‍ദേശവും നല്‍കിയിരുന്നു. കോണ്‍ഗ്രസ്സുമായി വേദിപങ്കിടല്‍, ഒന്നിച്ചു പ്രചാരണം നടത്തല്‍ എന്നിവയൊന്നും ഉണ്ടാവില്ലെന്ന് പിബി തീരുമാനം വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത് അവഗണിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയടക്കമുള്ള നേതാക്കളുമായി ബംഗാള്‍ ഘടകം നേതാക്കള്‍ വേദി പങ്കിട്ടതാണു കേന്ദ്രനേതൃത്വത്തിലെ ഒരുവിഭാഗത്തെ ചൊടിപ്പിച്ചത്. കോ ണ്‍ഗ്രസ് സഹകരണ വിരുദ്ധരില്‍ പ്രമുഖനായ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അടക്കമുള്ളവര്‍ ഇക്കാരണത്താല്‍ ബംഗാളില്‍ പ്രചാരണത്തില്‍ സജീവവുമല്ല.
രാഹുല്‍ഗാന്ധി പങ്കെടുത്ത കുല്‍തി, ദുര്‍ഗാപൂര്‍, ബങ്കുര തുടങ്ങിയ സ്ഥലങ്ങളിലെ കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പു പ്രചാരണറാലികളില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം റബിന്‍ ദേവ്, മുതിര്‍ന്ന നേതാക്കളായ ബന്‍സാ ഗോപാല്‍ ചൗധരി, ഗൗറങ്ക ചാറ്റര്‍ജി എന്നിവര്‍ പങ്കെടുത്തിരുന്നു.
ഇരുപാര്‍ട്ടികളും പരസ്യമായി ഒന്നിച്ചു പ്രചാരണം നടത്തണമെന്ന് ആഹ്വാനംചെയ്ത് കോണ്‍ഗ്രസ് നേതാവ് അബ്ദുല്‍ മന്നാന്‍ ലഖുലേഖ പുറത്തിറക്കുകയും അതിന്റെ പ്രകാശനച്ചടങ്ങില്‍ ഇരുപാര്‍ട്ടികളുടെ നേതാക്കളും പങ്കെടുക്കുകയും ചെയ്തു. ചിലസ്ഥലങ്ങളില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ ഒന്നിച്ച് ഒരു വാഹനത്തില്‍ കെട്ടി പ്രചാരണവും നടന്നു. സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രയും കോണ്‍ഗ്രസ് നേതാവ് മാനസ് ഭുനിയയും തുറന്ന വാഹനത്തില്‍ നാദിയയില്‍ വോട്ടഭ്യര്‍ഥന നടത്തുകയും ചെയ്തു.
എന്നാല്‍, ഇതുസംബന്ധിച്ച പരാതി നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പരിഗണിക്കാമെന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട്. കോണ്‍ഗ്രസ്സുമായി സഹകരണം വേണമെന്ന ആശയക്കാരനാണ് യെച്ചൂരി. കോണ്‍ഗ്രസ്സുമായി സഖ്യമില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും എന്നാല്‍ ബംഗാളില്‍ ഇപ്പോള്‍ കാണുന്നത് നേതാക്കളുടെ നിയന്ത്രണത്തിനും അതീതമായ ജനമുന്നേറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബംഗാളില്‍ കോണ്‍ഗ്രസ്സുമായുള്ള അടവുനയം കേരളത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യമില്ല. അടവുനയം മാത്രമാണ്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സിനെതിരെയുള്ള ജനവികാരം ശക്തമാണ്. ബംഗാളില്‍ നിന്ന് മമതയെയും കേന്ദ്രത്തില്‍ നിന്ന് മോദിയെയും മാറ്റണമെന്ന ജനങ്ങളുടെ ആഗ്രഹം നടപ്പാവുമെന്ന് അദ്ദേഹം പറഞ്ഞു. [related]
Next Story

RELATED STORIES

Share it