ബംഗളൂരു കേസ്: അട്ടിമറിശ്രമത്തില്‍ പ്രതിഷേധിക്കുക-സാംസ്‌കാരിക പ്രവര്‍ത്തകര്‍

കണ്ണൂര്‍: ബംഗളൂരു സ്‌ഫോടനക്കേസിന്റെ വിചാരണയെ അട്ടിമറിക്കാനുള്ള ഭരണകൂടത്തിന്റെ ബോധപൂര്‍വ ശ്രമമാണ് ഇപ്പോള്‍ നടക്കുന്ന അറസ്റ്റുകളെന്ന് മനുഷ്യാവകാശ-സാംസ്‌കാരിക പ്രവര്‍ത്തകര്‍. കേസ് അവസാന ഘട്ടത്തിലേക്കെത്തുന്ന വേളയില്‍ പോലിസ് ഹാജരാക്കിയ മുഴുവന്‍ സാക്ഷികളും കേസിനെതിരാണെന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചടിയാവുന്നുണ്ട്. ഇത് മറികടക്കാനാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന പേരില്‍ സാമൂഹിക പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ നിരപരാധികളാണെന്നു മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും പലതവണ പ്രഖ്യാപിച്ചതാണ്. വിചാരണത്തടവുകാരുടെ കാര്യത്തില്‍ ഉടന്‍ വിചാരണ പൂര്‍ത്തീകരിക്കണമെന്ന് സുപ്രിംകോടതി പലതവണ പ്രസ്താവിച്ചതുമാണ്.
കണ്ണൂരില്‍നിന്ന് അറസ്റ്റ് ചെയ്ത തസ്‌നീം വിചാരണത്തടവുകാരുടെ നിരപരാധിത്തം തെളിയിക്കാന്‍ വേണ്ടി ശ്രമിച്ച വ്യക്തിയാണ്. തസ്‌നീം പിടിയിലകപ്പെട്ട് ഇതുവരെയായിട്ടും അറസ്റ്റ് രേഖപ്പെടുത്താതെയാണ് എറണാകുളത്തേക്ക് കൊണ്ടുപോയത്. ഇത് നിയമവ്യവസ്ഥ ഉറപ്പുനല്‍കുന്ന നീതിയുടെയും മനുഷ്യാവകാശത്തിന്റെയും ലംഘനമാണ്. പൗരാവകാശങ്ങള്‍ക്കുവേണ്ടിയുള്ള ചെറുത്തുനില്‍പ്പുകളെ ഞെരിച്ചമര്‍ത്താനുള്ള ഭരണകൂടത്തിന്റെ ചെയ്തികള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നും പ്രതിഷേധിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.
പ്രഫ. കെ എന്‍ പണിക്കര്‍, ബി ആര്‍ പി ഭാസ്‌കര്‍, ബി രാജീവന്‍, ഒ അബ്ദുര്‍റഹ്മാന്‍, എ കെ രാമകൃഷ്ണന്‍, കെഇഎന്‍, ഗ്രോവാസു, കെ കെ കൊച്ച്, ടി ടി ശ്രീകുമാര്‍, പി കെ പാറക്കടവ്, ശൈഖ് മുഹമ്മദ് കാരക്കുന്ന്, അഡ്വ. പി എ പൗരന്‍, കെ പി ശശി, എന്‍ പി ചെക്കുട്ടി, എന്‍ സുബ്രഹ്മണ്യന്‍, ജെ ദേവിക, ഡോ. പി കെ പോക്കര്‍, കെ കെ ബാബുരാജ്, ഡോ. കെ അംബുജാക്ഷന്‍, പ്രഫ. പി കോയ, അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, സണ്ണി എം കപിക്കാട്, മാഗ്ലിന്‍ പീറ്റര്‍, മുജീബ് റഹ്മാന്‍ കിനാലൂര്‍, സി ദാവൂദ്, റെനി ഐലിന്‍, സാദിഖ് ഉളിയില്‍, എം ജിഷ തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.
Next Story

RELATED STORIES

Share it