ബംഗളൂരുവില്‍ നിന്നു കഞ്ചാവ് കടത്തിയ രണ്ടംഗ സംഘം പിടിയില്‍

മഞ്ചേരി: വില്‍പനയ്‌ക്കെത്തിച്ച മൂന്നു കിലോഗ്രാം കഞ്ചാവുമായി വിദ്യാര്‍ഥിയടക്കം രണ്ടുപേര്‍ മഞ്ചേരിയില്‍ എക്‌സൈസ് സംഘത്തിന്റെ പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി പന്‍മന ഇടപ്പള്ളി കോട്ട സ്വദേശി  നൗഫല്‍ (22), ഒറ്റപ്പാലം പരുത്തി പ്രദേശത്ത് അരുണ്‍ (24) എന്നിവരെയാണ് എക്—സൈസ് ഇന്‍സ്പെക്ടര്‍ ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അറസ്റ്റിലായ നൗഫല്‍ ബംഗളൂരുവില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. പിടിച്ചെടുത്ത കഞ്ചാവിന് ഒരു ലക്ഷം രൂപ വിലവരും.ബംഗളൂരുവില്‍ നിന്നും ബൈക്കില്‍ ചില്ലറ വില്‍പനക്കാര്‍ക്കായി കൊണ്ടുവന്നതാണു കഞ്ചാവ്. എക്‌സൈസ് ഇന്റലിജന്‍സ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയ്ക്കിടെ സിഎച്ച് ബൈപാസില്‍ വച്ചാണ് ഇരുവരും പിടിയിലായത്. ബംഗളൂരു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികളടക്കമുള്ള സംഘം വന്‍തോതില്‍ കേരളത്തിലേക്കു കഞ്ചാവെത്തിക്കുന്നതായി റിപോര്‍ട്ടുണ്ടായിരുന്നു. എന്‍ജിനീയറിങിന് പഠിക്കുന്നവരും പഠനം പാതിവഴിയില്‍ നിര്‍ത്തിയവരുമായ പത്തോളം പേരടങ്ങുന്ന സംഘമാണു മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലേക്ക് കഞ്ചാവെത്തിക്കുന്നതെന്ന് എക്—സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ആന്ധ്രയില്‍ നിന്നും വാങ്ങുന്ന കഞ്ചാവ് വിദ്യാര്‍ഥികള്‍ താമസിക്കുന്ന മുറികളില്‍ സൂക്ഷിച്ച് ഓര്‍ഡറനുസരിച്ച് ആവശ്യക്കാര്‍ക്കെത്തിക്കുകയാണ് പതിവെന്ന് ഇപ്പോള്‍ പിടിയിലായവര്‍ സമ്മതിച്ചിട്ടുണ്ട്. ആഡംബര ബൈക്കുകളിലാണ് കേരളത്തിലേക്ക് വിദ്യാര്‍ഥി സംഘം കഞ്ചാവ് കടത്തുന്നത്. മാഫിയയെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതാമാക്കിയെന്നും എക്—സൈസ് അറിയിച്ചു. ഇന്‍സ്‌പെക്ടര്‍ ശ്യാംകുമാറിനൊപ്പം, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ബഷീര്‍, ഇന്റലിജന്‍സിലെ ഷിജുമോന്‍, സിവില്‍ എക്—സൈസ് ഓഫിസര്‍മാരായ സാജിത്ത്, സഫീറലി, രഞ്ജിത്ത്, ഉമ്മര്‍കുട്ടി, റഫീഖ്, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it