ഫ്‌ളോറിഡയില്‍ 320 കരടികളെ വേട്ടയാടാന്‍ അനുമതി

ഫ്‌ളോറിഡ: രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം ഫ്‌ളോറിഡയില്‍ കറുത്ത കരടികളെ വേട്ടയാടുന്നതിന് അനുമതി. മൃഗസ്‌നേഹികളുടെ എതിര്‍പ്പു നിലനില്‍ക്കെയാണ് 320 കരടികളെ വേട്ടയാടാനായി വൈല്‍ഡ് കണ്‍സര്‍വേഷന്‍ കമ്മീഷന്‍ അനുമതി നല്‍കിയത്.
ഒരാഴ്ച നീളുന്ന വേട്ടയില്‍ ലൈസന്‍സുള്ള വേട്ടക്കാര്‍ക്ക് ആകെ 320 കറുത്ത കരടികളെ വേട്ടയാടാം. 320 എത്തിയാല്‍ വേട്ട അവസാനിപ്പിക്കും. വര്‍ധിച്ചു വരുന്ന കരടികളുടെ എണ്ണം നിയന്ത്രണവിധേയമാക്കാനാണ് നടപടിയെന്നു കമ്മീഷന്‍ വക്താവ് സൂസന്‍ സ്മിത് അറിയിച്ചു.
കഴിഞ്ഞ രണ്ടു വര്‍ഷമായി നിരവധി തവണ കരടികള്‍ സമീപപ്രദേശങ്ങളിലെ മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളെയും കരടികള്‍ ആക്രമിക്കുന്നു.
എന്നാല്‍, കരടികളെ വേട്ടയാടുന്നത് ആക്രമണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കില്ലെന്നും ആക്രമണം തടയാന്‍ അധികൃതര്‍ മറ്റു വഴികള്‍ സ്വീകരിക്കുകയാണു വേണ്ടതെന്നും മൃഗസ്‌നേഹികള്‍ കുറ്റപ്പെടുത്തി.
200 കരടികളെ ഇതിനോടകം തന്നെ കൊലപ്പെടുത്തിയിട്ടുണ്ട്. ഫ്‌ളോറിഡയില്‍ കറുത്ത കരടികളുടെ എണ്ണം 3500 കവിഞ്ഞതായാണു റിപോര്‍ട്ട്.
Next Story

RELATED STORIES

Share it