ഫ്‌ളൈ ദുബയ് വിമാനാപകടം; 13 ലക്ഷം രൂപ അടിയന്തര സഹായം

കബീര്‍ എടവണ്ണ

ദുബയ്: റഷ്യയിലെ തകര്‍ന്ന ഫ്‌ളൈ ദുബയ് വിമാനത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 20,000 ഡോളര്‍ അടിയന്തര സഹായം നല്‍കാന്‍ തീരുമാനിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഏറ്റവും ഉചിതമായ പരിഗണന നല്‍കുന്ന കാര്യത്തിലാണ് മാനേജ്‌മെന്റ് ശ്രദ്ധിക്കുന്നതെന്ന് ഫ്‌ളൈ ദുബയ് സിഇഒ ഗൈസ് അല്‍ ഗൈസ് ദുബയില്‍ പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആവശ്യമാണങ്കില്‍ അപകടസ്ഥലം സന്ദര്‍ശിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വ്യാമയാന സുരക്ഷാ വിഭാഗവും എന്‍ജിനീയറിങ് വിദഗ്ധരും സ്ഥലം സന്ദര്‍ശിച്ച് അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടുപിടിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തത്തില്‍ രണ്ടു മലയാളികളടക്കം 55 യാത്രക്കാരും 7 വിമാന ജോലിക്കാരുമാണ് മരണപ്പെട്ടത്. റൊസ്‌തോവ് വിമാനത്താവളത്തില്‍ തകര്‍ന്ന് വീണ എഫ് സെഡ് 981 എന്ന ബോയിങ് 737-800 വിമാനത്തിലെ പൈലറ്റ് ആദ്യം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട് രണ്ട് മണിക്കൂറോളം വിമാനത്താവളത്തിന് ചുറ്റും പറന്നിരുന്നു. രണ്ട് മണിക്കൂര്‍ പറന്ന് വിമാനം തകരുന്നതുവരെയുണ്ടായ സമയവും അപടകടത്തിന് ശേഷം വഴി തിരിച്ചുവിട്ട മറ്റു വിമാനത്തിലെ പൈലറ്റിനെയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തും. അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ അന്തിമഫലം വരുന്നതുവരെ അനുമാനങ്ങള്‍ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിലെ കാലാവസ്ഥ പ്രതികൂലമായിരുന്നില്ലെന്നും പൈലറ്റ് അടിയന്തര സന്ദേശം അയച്ചിരുന്നില്ലെന്നും ഗൈസ് അല്‍ ഗൈസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിമാനത്തില്‍ മതിയായ ഇന്ധനം ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി. 300 മീറ്റര്‍ അകലെ വരെ തെറിച്ച് പോയ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെയായിരിക്കും തിരിച്ചറിയുക. അപകടത്തെ തുടര്‍ന്ന് ഇന്നലെ റഷ്യയില്‍ ദുഖാചരണമായിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ഫളൈ ദുബയ് വൈസ് പ്രസിഡന്റ് ജയിംസ് വിയാലും സംബന്ധിച്ചു. ഫ്‌ളൈ ദുബയ് വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ യുഎഇ സംഘം റഷ്യയിലെത്തി. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ നിര്‍മാതാക്കളായ ബോയിങ് കമ്പനി ഉദ്യോഗസ്ഥര്‍, നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് അംഗങ്ങളും ഇവരോടൊപ്പമുണ്ട്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ വിമാനാപകട അന്വേഷണവിഭാഗം അസി. ഡയറക്ടര്‍ ജനറല്‍ ഇസ്മായില്‍ അല്‍ ഹുസ്‌നി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, വിമാനത്തിന്റെ റിക്കാഡുകള്‍ക്ക് കാര്യമായ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നും ഡാറ്റകള്‍ ഡീകോഡ് ചെയ്യുന്നതിന് ഒരു മാസമെടുക്കുമെന്നും റഷ്യയുടെ എയര്‍ലൈന്‍ റഗുലേറ്റര്‍ അറിയിച്ചു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇന്നലെ രാവിലെയോടെ പുനരാരംഭിച്ചു.
Next Story

RELATED STORIES

Share it