kozhikode local

ഫ്‌ളക്‌സുകള്‍ ഇനി വീടിന് മേല്‍ക്കൂര

കോഴിക്കോട്: റഷ്യയില്‍ അരങ്ങേറിയ ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ബാക്കിപത്രമായി നഗരത്തില്‍ ഫുട്‌ബോള്‍ ആരാധകര്‍ സ്ഥാപിച്ച ആയിരക്കണക്കിനു ഫഌക്‌സ് ബോര്‍ഡുകള്‍ ഇനി കുടിലുകള്‍ക്ക് മേല്‍പുതപ്പാവും. ഫുട്‌ബോള്‍ കമ്പക്കാര്‍ മല്‍സരങ്ങള്‍ ആരംഭിക്കുന്നതിന് എത്രയോ മുമ്പ് അവരുടെ ഇഷ്ടടീമുകളുടെ പടുകൂറ്റന്‍ ഫഌക്‌സുകളാണ് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും സ്ഥാപിച്ചിരിക്കുന്നത്. മെസി മുതല്‍ മറഡോണ വരെയുള്ളവരടെ മാത്രം ഫഌക്‌സുകളും ഇവയിലുണ്ടായിരുന്നു.
ബ്രസീല്‍, അര്‍ജന്റീന, ടീമുകളെ വാനോളം പുകഴ്ത്തുന്ന കവിത തുളുമ്പുന്ന വാക്കുകളോടെയുള്ള വിവരണങ്ങളും ശ്രദ്ധേയമായിരുന്നു. പ്രവചനങ്ങളെയെല്ലാം തെറ്റിച്ച് ഒട്ടും പ്രതീക്ഷിക്കാത്ത ടീമുകള്‍ അവസാനമല്‍സരങ്ങളിലും സെമിയിലും ഒടുവില്‍ കലാശക്കളിയിലും എത്തി. എന്നിട്ടും ആരാധകര്‍ തോറ്റുതുന്നംപാടിയ ‘വീരന്മാരുടെ’ ഫഌക്‌സ് ബോര്‍ഡുകള്‍ അഴിക്കാന്‍ മടിച്ചിരുന്നു.
കോഴിക്കോട് നഗരത്തിലെ ബ്ലഡ് ഡൊണേഴ്‌സ് ഫോറം പ്രവര്‍ത്തകര്‍ ഇന്നു മുതല്‍ ഈ ഫഌക്‌സ് ബോര്‍ഡുകള്‍ ശേഖരിക്കാന്‍ തുടങ്ങും. വയനാട് ജില്ലയിലെ ചില സാമൂഹ്യ സംഘടനകളും ഫഌക്‌സ് ബോര്‍ഡുകള്‍ ശേഖരിക്കുന്നുണ്ട്. കോരിച്ചൊരിയുന്ന മഴയില്‍ ചോര്‍ന്നൊലിക്കുന്ന പാവപ്പെട്ട കുടുംബങ്ങളുടെ കൂരകള്‍ക്ക് മുകളില്‍ മഴവെള്ളചോര്‍ച്ച തടയുന്നതിനായി ഈ ഫഌക്‌സ് ബോര്‍ഡുകള്‍ വിരിക്കാനാണ് തീരുമാനം.
കഴിഞ്ഞ ലോക ഫുട്‌ബോള്‍ മത്സരസമാപന ശേഷം ഇത്തരം ഫഌക്‌സുകള്‍ സംസ്ഥാനത്തൊട്ടാകെ ആയിരക്കണക്കിനുണ്ടായിരുന്നു. പഞ്ചായത്തിനും നഗരസഭക്കും എല്ലാം ഫഌക്‌സ്‌ബോര്‍ഡുകള്‍ നശിപ്പിക്കുന്നത് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. ഏറെ പാരിസ്ഥിതിക പ്രശ്‌നം സൃഷ്ടിക്കുന്ന ഫഌക്‌സുകള്‍ ഇപ്പോഴും പല പറമ്പുകളിലും ക്ലബ്ബുകളിലുമെല്ലാം ഉപയോഗശൂന്യമായി കിടപ്പുണ്ട്.
ഇത് കണ്ടാണ് ഈ ഫഌക്‌സുകള്‍ ഏതെങ്കിലും തരത്തില്‍ ഉപയോഗപ്രദമാക്കാന്‍ സാമൂഹ്യ-സാംസ്‌കാരിക സംഘടനകള്‍ രംഗത്തുവന്നിട്ടുള്ളത്. എത്രയോ കുടുംബങ്ങള്‍ക്ക് മഴചോരാത്ത വീട്ടില്‍ കഴിഞ്ഞുകൂടാന്‍ ഫഌക്‌സുകള്‍ സഹായകമാകും. ഈ പ്രവൃത്തി പ്രായോഗികമാക്കാന്‍ രാഷ്ട്രീയ സാമൂഹ്യ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും മാതൃകയാക്കാവുന്നതാണ്.
Next Story

RELATED STORIES

Share it