ഫ്രീകിക്ക് മാന്ത്രികന്‍ കൊച്ചിയുടെ മണ്ണില്‍

എംഎം സലാം

കൊച്ചി:  മൈതാന മധ്യത്തു നിന്നോ എതിര്‍ ബോക്‌സില്‍ നിന്നോ മണിക്കൂറില്‍ 169 കിലോ. മീറ്റര്‍ സ്പീഡിലെത്തുന്ന പവര്‍ ഫുള്‍ ഫ്രീകിക്ക്. ഗോള്‍ കീപ്പറെ നിസ്സഹായനാക്കി അവ  മഴ വില്ലു പോലെ പോസ്റ്റിലേക്കു വളഞ്ഞിറങ്ങുന്ന ചേതോഹര കാഴ്ച. ഒരിക്കലും സംഭവിക്കില്ലെന്നു കരുതിയ ഈ ഒരു നിമിഷത്തിനു വേണ്ടിയാണ് കേരളത്തിലെ കാല്‍പ്പന്തു കളി പ്രേമികള്‍ കാത്തിരുന്നത്.

ലോക ഫുട്‌ബോള്‍ കണ്ട ഏറ്റവും മികച്ച ഫ്രീകിക്ക് മാന്ത്രികന്‍ റോബര്‍ട്ടോ കാര്‍ലോസ് ഇന്നു കൊച്ചിയുടെ മണ്ണില്‍ ഡല്‍ഹി ഡയനാമോസിനു വേണ്ടി പന്ത് തട്ടിയേക്കും. ഐ.എസ്.എല്‍ രണ്ടാം പതിപ്പിലെ ആദ്യതോല്‍വി പിണഞ്ഞെങ്കിലും ഇന്നു ഡല്‍ഹിയെ നേരിടാനെത്തുമ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ക്യാംപും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തോല്‍വിയില്‍നിന്ന് പാഠങ്ങളുണ്ടെന്നും വരും മല്‍സരങ്ങള്‍ക്ക് അതു മുതല്‍ക്കൂട്ടാവുമെന്നുമാണ് ബ്ലാസ്‌റ്റേഴ്‌സ് പ്രതീക്ഷിക്കുന്നത്.

സന്ദേഷ് ജിങ്കാനും കാവിന്‍ ലോബോയും ദേശീയ ടീം ഡ്യൂട്ടിയില്‍നിന്നു തിരിച്ചെത്തിയെന്നതും ബ്ലാസ്‌റ്റേഴ്‌സ് ക്യാംപിലെ ഉല്‍സാഹം വര്‍ധിപ്പിക്കുന്നു. മാര്‍ക്വീ താരം കാര്‍ലോസ് മര്‍ച്ചേനയും ‘മാച്ച് ഫിറ്റ്‌നസ്‌കൈവരിച്ചെന്നാണു സൂചന. മര്‍ച്ചേന ഇന്നു ഡല്‍ഹിക്കെതിരെ കളത്തിലിറങ്ങുമെന്ന് തന്നെയാണ് കേരള ക്യാംപും പ്രതീക്ഷിക്കുന്നത്.

പ്രതിഭയുള്ള ഒരുപറ്റം താരങ്ങള്‍ക്കൊപ്പം 60,000ത്തിലധികം കാണികളുടെ അകമഴിഞ്ഞ പിന്തുണ കൂടിയാവുമ്പോള്‍ കാര്‍ലോസ് സംഘത്തെ സ്വന്തം മണ്ണില്‍ തളയ്ക്കാമെന്നാണ് പീറ്റര്‍ ടെയ്‌ലറും കുട്ടികളും കരുതുന്നത്. മറു വശത്ത് തുടര്‍ച്ചയായി രണ്ടു ജയങ്ങള്‍ നേടിയതിന്റെ ആത്മവിശ്വാസമാണ് കാര്‍ലോസിനും സംഘത്തിനുമുള്ളത്. കരുത്തരായ ചെന്നെയ്ന്‍ എഫ്‌സിക്കെതിരേയും പൂനെ സിറ്റിക്കെതിരേയുമാണ് ഡല്‍ഹി ജയങ്ങള്‍ സ്വന്തമാക്കിയത്. ആദ്യ മല്‍സരത്തില്‍ എഫ്‌സി ഗോവയ്‌ക്കെതിരേ കാര്‍ലോസ് 45 മിനിറ്റ് കളിച്ചിരുന്നു. തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ താരം കളിച്ചിരുന്നില്ല. എന്നാല്‍ കൊച്ചിയിലെ കാണികളുടെ ആവേശത്തെപ്പറ്റി കേട്ടറിഞ്ഞ കാര്‍ലോസ് ഇന്നു അല്‍പനേരമെങ്കിലും കളത്തിലിറങ്ങുമെന്ന സൂചനയാണ് ഡല്‍ഹി ക്യാംപില്‍ നിന്നും ലഭിക്കുന്നത്.

നിലവില്‍ ഡല്‍ഹി പോയിന്റ് പട്ടികയില്‍ അഞ്ചാമതും ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്തുമാണുള്ളത്. കഴിഞ്ഞ മല്‍സരത്തില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോട് പരാജയപ്പെട്ടതിനാല്‍ വിജയവഴിയില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഹോംഗ്രൗണ്ടില്‍ കച്ചകെട്ടുന്നത്. ആദ്യ മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേ തകര്‍പ്പന്‍ വിജയത്തോടെ തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് പിന്നീടുള്ള രണ്ടു മല്‍സരങ്ങളിലും അത് ആവര്‍ത്തിക്കാനായിരുന്നില്ല. ഇരു ടീമും രണ്ടു തവണ മുഖാമുഖം വന്നപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഒരു മല്‍സരത്തില്‍ വിജയകൊടി നാട്ടിയിരുന്നു. ഒരു മല്‍സരം സമനിലയില്‍ കലാശിക്കുകയും ചെയ്തു. കണക്കുകളിലെ മുന്‍തൂക്കം നേട്ടമാവുമെന്ന് കണക്കുകൂട്ടലിലാണ് മഞ്ഞപ്പട.
Next Story

RELATED STORIES

Share it