ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം ഇനി ജനാധിപത്യ കേരളാ കോണ്‍ഗ്രസ്

കൊച്ചി: മാണി ഗ്രൂപ്പ് വിട്ട ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ ഫ്രാന്‍സിസ് ജോര്‍ജാണ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ പ്രഥമ ചെയര്‍മാനായി ഫ്രാന്‍സിസ് ജോര്‍ജിനെ യോഗം തിരഞ്ഞെടുത്തു. അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കാന്‍ ചെയര്‍മാനെ യോഗം ചുമതലപ്പെടുത്തി.
കേരളാ കോണ്‍ഗ്രസ്സിന്റെ വെള്ളയും ചുവപ്പും നിറത്തിലുള്ള കൊടിതന്നെയാണ് ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിന്റെയും കൊടി. ഈ മാസം 16ന് കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ നടക്കുന്ന പാര്‍ട്ടിയുടെ പ്രഥമ സംസ്ഥാന പ്രവര്‍ത്തകസമ്മേളനത്തില്‍ മറ്റ് പാര്‍ട്ടി ഭാരവാഹികളെ തിരഞ്ഞെടുക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 14 ജില്ലാ കമ്മിറ്റികളും വിളിച്ചു ചേര്‍ത്ത് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കും. കേരളാ കോണ്‍ഗ്രസ് വിട്ടുവന്ന 326 സംസ്ഥാന കമ്മിറ്റി അംഗങ്ങളും യൂത്ത് ഫ്രണ്ട്, കെഎസ്‌സി, വനിതാ ഫ്രണ്ട് സംസ്ഥാന ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തതായി പുതിയ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ളവര്‍ അവകാശപ്പെട്ടു.
അടുത്ത തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നു പാര്‍ട്ടി പ്രഖ്യാപനത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. ആന്റണി രാജു, കെ സി ജോസഫ്, മാത്യൂ സ്റ്റീഫന്‍, വക്കച്ചന്‍ മറ്റത്തില്‍, പി സി ജോസഫ്, മാത്യൂ സ്റ്റീഫന്‍, കെടിയുസി സംസ്ഥാന പ്രസിഡന്റ് ബേബി പതിപ്പിള്ളി, യൂത്ത്ഫ്രണ്ട്- ജെ മുന്‍ സംസ്ഥാന പ്രസിഡന്റ് എ കെ ജോസഫ് യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it