ഫ്രാന്‍സില്‍ രാസായുധാക്രമണം ഉണ്ടായേക്കാം

പാരിസ്: സായുധ സംഘങ്ങളുടെ രാസായുധ-ജൈവായുധ ആക്രമണം ഫ്രാന്‍സിലുണ്ടായേക്കാമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാന്വല്‍ വാള്‍സ്. പാരിസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ കാലാവധി മൂന്നു മാസം കൂടി നീട്ടണമെന്ന ചര്‍ച്ച പാര്‍ലമെന്റിന്റെ അധോസഭയില്‍ നടക്കവേയാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്.
ഇറാഖിലും സിറിയയിലും ഫ്രാന്‍സ് ആക്രമണം നടത്തുന്നതുകൊണ്ടല്ല പാരിസില്‍ സ്‌ഫോടനങ്ങളും വെടിവയ്പുമുണ്ടായതെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. അടിയന്തരാവസ്ഥ നീട്ടണമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ലില്‍ ഇന്ന് സെനറ്റ് വോട്ട് രേഖപ്പെടുത്തും. ഭീഷണിയാണെന്നു തോന്നുന്ന ആരെയും വീട്ടുതടങ്കലിലാക്കാം, സംശയമുള്ളവരെ മറ്റുള്ളവരുമായി സംസാരിക്കാന്‍ അനുവദിക്കില്ല, ജഡ്ജിയുടെ അനുമതിയില്ലാതെ ഏതു സമയത്തും പോലിസിന് റെയ്ഡ് നടത്താം തുടങ്ങിയ വ്യവസ്ഥകളും ബില്ലിലുണ്ട്. ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ അധികാരങ്ങള്‍ കവര്‍ന്നെടുക്കക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമമാണിതെന്ന് കരുതപ്പെടുന്നു.
ഡ്യൂട്ടിയിലല്ലാത്തപ്പോഴും പോലിസ് ഓഫിസര്‍മാര്‍ക്ക് ആയുധം കൈവശം വയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഒത്തുകൂടുന്നതിനും പ്രകടനം നടത്തുന്നതിനുമുള്ള നിരോധനം ഞായറാഴ്ച അര്‍ധരാത്രി വരെ നീട്ടി പോലിസ് ഉത്തരവിറക്കി. ബുധനാഴ്ച സാന്‍ ദെനിയിലെ ഫഌറ്റില്‍ പോലിസ് നടത്തിയ റെയ്ഡിനിടെ സ്‌ഫോടനം നടത്തി പൊട്ടിത്തെറിച്ച യുവതി ഹസ്‌ന ഐത്ബൗലാഷെന്‍ ആണെന്നു റിപോര്‍ട്ടുകളുണ്ട്.
ആക്രമണത്തിന്റെ മുഖ്യപങ്കാളിയെന്നു സംശയിക്കുന്ന അബ്ദുല്‍ ഹാമിദ് അബൗദിന്റെ ബന്ധുവാണ് ഹസ്‌ന. അതേസമയം, ആക്രമണത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന ബിലാല്‍ ഹദ്ഫിന്റെയും സലാഹ് അബ്ദുസ്സലാമിന്റെയും വസതികളില്‍ ബെല്‍ജിയം പോലിസ് റെയ്ഡ് നടത്തി. ഒരാളെ അറസ്റ്റ് ചെയ്തു.
Next Story

RELATED STORIES

Share it