Sports

ഫ്രാന്‍സിന്റെ വിജയ'പ്പയറ്റ്'

ഫ്രാന്‍സിന്റെ വിജയപ്പയറ്റ്
X
The-West-Ham-forward-was-dr

സെയ്ന്റ് ഡെനിസ്: ഫ്രഞ്ച് ഫുട്‌ബോളിന് പുതിയൊരു ഹീറോയെക്കൂടി ലഭിച്ചിരിക്കുന്നു- ദിമിത്രി പയെറ്റ്. യൂറോ കപ്പിന്റെ ഉദ്ഘാടനമല്‍സരത്തില്‍ ഫ്രാന്‍സിന് ജയം സമ്മാനിച്ചതോടെയാണ് പയെറ്റ് രാജ്യത്തിന്റെ വീരനായകനായത്. ഗ്രൂപ്പ് എയിലെ ആവേശകരമായ മല്‍സരത്തില്‍ ഫ്രാന്‍സ് 2-1ന് റുമാനിയയെ മറികടക്കുകയായിരുന്നു.
മല്‍സരം 1-1നു സമനിലയില്‍ പിരിയുമെന്നിരിക്കെയായിരുന്നു പയെറ്റിന്റെ വണ്ടര്‍ഗോള്‍. 89ാം മിനിറ്റില്‍ ബോക്‌സിനു പുറത്തുവച്ച് പയെറ്റ് തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് റുമാനിയന്‍ പ്രതിരോധത്തിനും ഗോളിക്കും പ്രതികരിക്കാന്‍ അവസരം ലഭിക്കുംമുമ്പ് വലയില്‍ തറച്ചിരുന്നു. ആദ്യ ഗോളിനു വഴിമരുന്നിട്ടതും പയെറ്റായിരുന്നു.
നേരത്തേ ഗോള്‍രഹിതമായ ഒന്നാംപകുതിക്കു ശേഷം 57ാം മിനിറ്റില്‍ ഒലിവര്‍ ജിറൂഡിന്റെ ഗോളില്‍ ഫ്രാന്‍സാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 65ാം മിനിറ്റില്‍ റുമാനിയ സമനില പിടിച്ചുവാങ്ങി. പെനല്‍റ്റിയല്‍ നിന്ന് ബോഗ്ഡന്‍ സ്റ്റാന്‍ക്യുവാണ് റുമാനായിക്കായി നിറയൊഴിച്ചത്.
ഒന്നാംപകുതി ഇഞ്ചോടിഞ്ച്
ശക്തമായ ഇലവനെയാണ് ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്‌സ് മല്‍സരത്തില്‍ അണിനിരത്തിയത്. മുന്നേറ്റനിരയില്‍ ഒലിവര്‍ ജിറൂഡ്, അന്റോണി ഗ്രീസ്മാന്‍, ദിമിത്രി പയെറ്റ് എന്നിവര്‍ അണിനിരന്നപ്പോള്‍ മധ്യനിരയില്‍ സൂപ്പര്‍ താരം പോള്‍ പോഗ്ബ, ബ്ലാസി മറ്റിയുഡി, എന്‍ഗോളോ കാന്റെ എന്നിവര്‍ കളിച്ചു. മികച്ച ഫോമിലുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്‌ട്രൈക്കര്‍ ആന്റണി മര്‍ഷ്യാലിനെ സബ്സ്റ്റിറ്റിയൂട്ട് ലിസ്റ്റിലാണ് കോച്ച് ഉള്‍പ്പെടുത്തിയത്.
വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകള്‍ക്കു ശേഷമാരംഭിച്ച മല്‍സരം റുമേനിയയുടെ മുന്നേറ്റത്തോടെയാണ് തുടങ്ങിയത്. നാലാം മിനിറ്റില്‍ത്തന്നെ റുമാനിയക്ക് കോര്‍ണര്‍ കിക്ക്. നികോളെ സ്റ്റാനിക്കുവിന്റെ കോര്‍ണറില്‍ മിഹയ് പിന്റില്ലിയുടെ ക്ലോസ് റേഞ്ച് ഹെഡ്ഡര്‍ ഗോ ള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് കാല് കൊണ്ട് തട്ടികയറ്റുകയായിരുന്നു. തുടര്‍ന്ന് റുമാനിയക്ക് വീണ്ടും കോര്‍ണര്‍ കിക്ക്. സ്റ്റാനിക്കുവിന്റെ കോര്‍ണറില്‍ ഫ്‌ളോറിന്‍ അന്റോണെയുടെ ഹെഡ്ഡര്‍ ഇഞ്ചുകള്‍ വ്യത്യാസത്തില്‍ പുറത്തുപോയി. തുടക്കത്തിലെ ഭീതിയില്‍ നിന്ന് പെട്ടെന്ന് കരകയറിയ ഫ്രാന്‍സ് പതിയെ കളിയിലേക്ക് തിരിച്ചുവന്നു.
പയെറ്റാണ് ഫ്രഞ്ച് നിരയില്‍ ഏറ്റവും മികച്ചുനിന്നത്. ടീമിന്റെ പ്രധാനപ്പെട്ട നീക്കങ്ങളിലെല്ലാം താരം പങ്കാളിയായി. 11ാം മിനിറ്റില്‍ ഫ്രാന്‍സിന് ആദ്യ ഗോളവസരം ലഭിച്ചു. റുമാനിയന്‍ പ്രതിരോധം കീറിമുറിച്ച് പയെറ്റ് ബോക്‌സിനുള്ളിലേക്കു നല്‍കിയ മനോഹരമായ ക്രോസില്‍ ജിറൂഡ് തലവച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. മൂന്നു മിറ്റിനകം മറ്റൊരു ഗോളവസരം കൂടി ഫ്രാന്‍സ് പാഴാക്കി. ഇത്തവണ ഗ്രീസ്മാന്റെ ഊഴമായിരുന്നു. ഗ്രീസ്മാന്റെ ക്ലോസ്‌റേഞ്ച് ഹെഡ്ഡര്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചു. പന്തടക്കത്തില്‍ ഫ്രാന്‍സ് നേരിയ മുന്‍തൂക്കം നേടിയപ്പോള്‍ കൗണ്ടര്‍അറ്റാക്കുകളിലൂടെ തിരിച്ചടിക്കുകയെന്ന തന്ത്രമാണ് റുമാനിയ പരീക്ഷിച്ചത്.
നാടകീയം രണ്ടാംപകുതി
ആദ്യപകുതി ഇഞ്ചോടിഞ്ചായിരുന്നെങ്കില്‍ രണ്ടാംപകുതിയില്‍ ഫ്രാന്‍സ് കൂടുതല്‍ മേധാവിത്വം പുലര്‍ത്തുന്നതാണ് കണ്ടത്. ഗോളിനായി അവര്‍ ഇടതടവില്ലാതെ റുമാനിയന്‍ ഗോള്‍മുഖത്ത് റെയ്ഡ് നടത്തി. 52ാം മിനിറ്റില്‍ ജിറൂഡിന്റെ ഷോട്ട് റുമാനിയ ഗോളി നിഷ്ഫലമാക്കിയപ്പോള്‍ അഞ്ചു മിനിറ്റിനകം മറ്റൊരു നീക്കം കൂടി ഗോളി വിഫലമാക്കി. പോഗ്ബയുടെ കരുത്തുറ്റ വോളി ഗോള്‍കീപ്പര്‍ ഡൈവ് ചെയ്ത് കുത്തിയകറ്റുകയായിരുന്നു.
നിരന്തരമുള്ള മുന്നേറ്റങ്ങള്‍ക്ക് 57ാം മിനിറ്റില്‍ ഫ്രാന്‍സ് ഫലം കാണുകയും ചെയ്തു. പയെറ്റാണ് ഈ ഗോളിനു വഴിയൊരുക്കിയത്. ബോക്‌സിനുള്ളിലേക്കു താഴ്ന്നിറങ്ങിയ പയെറ്റിന്റെ ക്രോസ് ജിറൂഡ് ഹെഡ്ഡറിലൂടെ ഗോളാക്കുകയായിരുന്നു.
65ാം മിനിറ്റില്‍ റുമാനിയക്ക് അനുകൂലമായി പെനല്‍റ്റി. റുമാനിയന്‍ താരത്തെ ഫ്രഞ്ച് ഡിഫന്റര്‍ പാട്രിസ് എവ്‌റ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനെത്തുടര്‍ന്നു ലഭിച്ച പെനല്‍റ്റി സ്റ്റാന്‍കു വലയിലേക്കു തൊടുത്തു (1-1).
മല്‍സരം 1-1ന് അവസാനിക്കുമെന്നിരിക്കെയായിരുന്നു പയെറ്റിന്റെ സൂപ്പര്‍ ഗോള്‍. പയെറ്റ് 22 വാര അകലെ നിന്നു തൊടുത്ത വലംകാല്‍ ബുള്ളറ്റ് ഷോട്ട് ഗോളിക്ക് ഒരു പഴുതും നല്‍കാതെ വലയില്‍ പതിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it