Flash News

ഫ്രഞ്ച് പ്രസിഡന്റായി മാക്രോണ്‍ അധികാരമേറ്റു



പാരിസ്: ഫ്രാന്‍സിന്റെ പുതിയ പ്രസിഡന്റായി ഇമ്മാനുവല്‍ മാക്രോണ്‍ അധികാരമേറ്റു. പ്രസിഡന്റിന്റെ കൊട്ടാരമായ ഷാം എലീസൈയില്‍ നടന്ന ചടങ്ങില്‍ നിരവധി പ്രമുഖര്‍ സംബന്ധിച്ചു. ഭാര്യ ബ്രിഷീത്തും ചടങ്ങിനെത്തിയിരുന്നു. സായുധാക്രമണഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെങ്ങും അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. തീവ്ര വലതുപക്ഷക്കാരിയായ മറീന്‍ ലെ പാനിനെ പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ്വാ ഹൊളാന്‍ദ് സര്‍ക്കാരില്‍ ധനമന്ത്രിപദവി വഹിച്ച മാക്രോണ്‍ പ്രസിഡന്റായത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് ഈ 39കാരന്‍. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദില്‍ നിന്നാണ് മാക്രോണ്‍ അധികാരമേറ്റെടുത്തത്. അണ്വായുധങ്ങളുടെ കോഡും ഹൊളാന്‍ദ് മാക്രോണിന് കൈമാറി. സൈനിക സ്മാരകമായ ആര്‍ക് ദ് ത്രയംഫിലെത്തി പുതിയ പ്രസിഡന്റ് പുഷ്പചക്രം അര്‍പ്പിക്കും. പുതിയ പ്രധാനമന്ത്രിയെ മാക്രോണ്‍ ഇന്നു പ്രഖ്യാപിച്ചേക്കും. തൊഴിലില്ലായ്മ, സുരക്ഷാ ഭീഷണി, സമ്പത്തിക മാന്ദ്യം തുടങ്ങിവയാണ് മാക്രോണിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളികള്‍.
Next Story

RELATED STORIES

Share it