Flash News

ഫ്രഞ്ച് പടയെ പൂട്ടാന്‍ അസൂറികള്‍; സൗഹൃദ പോരാട്ടത്തില്‍ തീപാറും

ഫ്രഞ്ച് പടയെ പൂട്ടാന്‍ അസൂറികള്‍; സൗഹൃദ പോരാട്ടത്തില്‍ തീപാറും
X


ഫ്രാന്‍സ് ഃ ഇറ്റലി(രാത്രി 12.30, സോണി ടെന്‍ 2)

നൈസ്: റഷ്യന്‍ ലോകകപ്പിന് മുന്നോടിയായുള്ള അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ ഇന്ന് തീപാറും പോരാട്ടം. കരുത്തരായ ഫ്രാന്‍സും ഇറ്റലിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ മറ്റൊരു മല്‍സരത്തില്‍ ഈജിപ്ത് കൊളംബിയയോടും മല്‍സരിക്കും.

ഫ്രാന്‍സിന് അഭിമാനം കാക്കണം
റഷ്യന്‍ ലോകകപ്പില്‍ താരസമ്പന്നതയാല്‍ വീര്‍പ്പുമുട്ടുന്ന ഫ്രഞ്ച് നിരക്ക് മികവിനൊത്ത പ്രകടനം പുറത്തെടുക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. സൂപ്പര്‍ താരം കരിം ബെന്‍സേമയെപോലും പുറത്തിരുത്തി ലോകകപ്പ് ടീം പ്രഖ്യാപിച്ച ദിദിയര്‍ ദെഷാംപ്‌സിന് ഇറ്റലിക്കെതിരേ ടീമിനെ വിജയത്തിലേക്കെത്തിക്കാനായില്ലെങ്കില്‍ കടുത്ത വെല്ലുവിളികള്‍ തന്നെ നേരിടേണ്ടി വരും. പ്രതിരോധത്തിലും മുന്‍നിരയിലും ഒരു പോലെ കരുത്തോടെയാണ് ഫ്രഞ്ച് നിരയുടെ പടപ്പുറപ്പാട്. അന്റോണിയോ ഗ്രിസ്മാന്‍, ഒലിവര്‍ ജിറൗഡ്, എംബാപ്പെ, പോള്‍ പോഗ്ബ, മാറ്റിയുഡി, ഉംറ്റിറ്റി, ഉസ്മാന്‍ ഡംബെല്ലെ തുടങ്ങിയ പ്രതിഭകള്‍ ടീമിന് കരുത്തു പകരുന്നു. അവസാനം കളിച്ച 10 മല്‍സരത്തില്‍ ഒരു മല്‍സരത്തില്‍ മാത്രം തോല്‍വി വഴങ്ങിയ ഫ്രാന്‍സ് ഏഴ് മല്‍സരത്തില്‍ വിജയിച്ചപ്പോള്‍ രണ്ട് മല്‍സരം സമനിലയിലും കലാശിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന സൗഹൃദ മല്‍സരത്തില്‍ കൊളംബിയയോട് 3-2ന് ഫ്രാന്‍സ് പരാജയപ്പെട്ടിരുന്നു. അതേ സമയം ലോകകപ്പില്‍ യോഗ്യത നേടാന്‍ കഴിയാത്തതിന്റെ ക്ഷീണം പേറിയാണ് ഇറ്റലിയുടെ വരവ്. റോബര്‍ട്ടോ മാന്‍സിനിയുടെ കീഴില്‍ പുത്തന്‍ ഊര്‍ജത്തോടെ തിരിച്ചുവരേണ്ടത് അസൂറികള്‍ക്ക് അത്യാവശ്യമാണെങ്കിലും അവസരത്തിനൊത്ത് താരങ്ങള്‍ക്ക് ഉയരാന്‍ കഴിയാത്തതാണ് ടീമിന്റെ തിരിച്ചടി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍ താരം ബലോട്ടലിയെ ദേശീയ ടീമിലേക്ക് തിരിച്ചുവിളിച്ച് മാന്‍സിനി കണക്കുകൂട്ടുമ്പോള്‍ ഫ്രഞ്ച് പട കരുതിത്തന്നെ ഇരിക്കണം. കാരണം 2006ല്‍ ലോക കിരീടം ചൂടിയ അസൂറിപ്പടയ്ക്ക് ഫ്രഞ്ച് കരുത്തിനെ മറികടക്കാനുള്ള കരുത്ത് വേണ്ടുവോളമുണ്ട്.
ഇരു ടീമും മുഖാമുഖം വന്ന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമായ ആധിപത്യം ഫ്രാന്‍സിനൊപ്പമാണ്. അവസാനമായി ഇരു ടീമും ഏറ്റുമുട്ടിയ അഞ്ച് മല്‍സരങ്ങളില്‍ മൂന്ന് തവണയും ഫ്രാന്‍സ് വിജയിച്ചപ്പോള്‍ ഒരു തവണ ഇറ്റലിയും വിജയം സ്വന്തമാക്കി. ഒരു മല്‍സരം സമനിലയിലും കലാശിച്ചു. എന്തായാലും ചിരവൈരികള്‍ ഇടവേളയ്ക്ക് ശേഷം ഏറ്റുമുട്ടുമ്പോള്‍ ആരാധകര്‍ക്കത് ലോകകപ്പില്‍ ലഭിക്കാതെ പോകുന്ന മനോഹര മല്‍സരമാവുമെന്നുറപ്പ്.
അതേ സമയം കരുത്തരായ കൊളംബിയയെ നേരിടുന്ന ഈജിപ്ഷ്യന്‍ നിരയില്‍ മുഹമ്മദ് സലാഹിന്റെ അഭാവം തിരിച്ചടിയാവും. അവസാനം കളിച്ച അഞ്ച് മല്‍സരത്തില്‍ ഒരു മല്‍സരത്തില്‍ മാത്രമാണ് ഈജിപ്തിന് വിജയം നേടാനായത്. രണ്ട് മല്‍സരത്തില്‍ തോല്‍വി വഴങ്ങിയപ്പോള്‍ രണ്ട് മല്‍സരം സമനിലയിലും കലാശിച്ചു.  കൊളംബിയയും അത്ര മികച്ച പ്രകടനമല്ല പുറത്തെടുക്കുന്നതെങ്കിലും ഈജിപ്തിനെക്കാള്‍ കണക്കുകളില്‍ ആധിപത്യം കൊളംബിയക്കൊപ്പമാണ്.
Next Story

RELATED STORIES

Share it