ഫ്രഞ്ച് ദ്വീപായ കോര്‍സികയില്‍ മുസ്‌ലിം ആരാധനാലയം തകര്‍ത്തു

പാരിസ്: ഫ്രഞ്ച് ദ്വീപായ കോര്‍സികയിലെ അജാക്‌സിയോ തെരുവില്‍ മുസ്‌ലിം പ്രാര്‍ഥനാഹാള്‍ ഒരുസംഘം ആക്രമിച്ച് ഖുര്‍ആന്‍ കത്തിച്ചു. വെള്ളിയാഴ്ചയാണു സംഭവം. നവംബര്‍ 13നുണ്ടായ പാരിസ് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിസ്മസ് അവധിദിനങ്ങളില്‍ ശക്തമായ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതിനിടെയാണ് ആക്രമണം.
ആക്രമണത്തെ ഫ്രഞ്ച് ഭരണകൂടം അപലപിച്ചു. മുസ്‌ലിംകളുടെ നമസ്‌കാരസ്ഥലം മലിനപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാള്‍സ് ട്വിറ്ററിലൂടെ പ്രതികരിച്ചു. വംശീയതയില്‍നിന്നും ഇതരരോടുള്ള വിദ്വേഷത്തില്‍നിന്നും ഉണ്ടായ അക്രമങ്ങളെ അംഗീകരിക്കാനാവില്ലെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബെര്‍നാര്‍ കാസ്‌നോവ് പറഞ്ഞു. രാജ്യത്തിന്റെ മൂല്യങ്ങളെ മുറുകെ പിടിക്കുന്നിടത്തോളം കുറ്റവാളികളെ ശിക്ഷിക്കാതെ വിടാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അജാക്‌സിയോയില്‍ നേരത്തേ മുഖംമൂടിധാരികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് അഗ്നിശമന ഉദ്യോഗസ്ഥര്‍ക്കും ഒരു പോലിസുകാരനും പരിക്കേറ്റിരുന്നു. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ഒരുമിച്ചുകൂടിയ സംഘത്തില്‍ ചിലര്‍ പ്രശ്‌നമുണ്ടായ സ്ഥലത്തേക്ക് പോവുകയും അറബ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. അതിനിടെ പ്രാര്‍ഥനാഹാളിന്റെ ഗ്ലാസ് വാതില്‍ തകര്‍ത്ത് അകത്തെത്തിയവര്‍ ഖുര്‍ആന്‍ അടക്കമുള്ളവ കത്തിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it