Sports

ഫ്രഞ്ച് ഓപണ്‍: വാവ്‌റിന്‍ക, മുഗുറുസ മുന്നോട്ട്

പാരിസ്: നിലവിലെ പുരുഷ വിഭാഗം ചാംപ്യനായ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്‌ലാസ് വാവ്‌റിന്‍ക ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ മൂന്നാംറൗണ്ടിലേക്കു മുന്നേറി. വനിതാ സിംഗിള്‍സില്‍ നാലാം സീഡായ സ്‌പെയിനിന്റെ ഗബ്രീന്‍ മുഗുറുസ, ആറാം സീഡ് റുമാനിയയുടെ സിമോണ ഹാലെപ്, 10ാം സീഡ് ചെക് റിപബ്ലിക്കിന്റെ പെട്ര ക്വിറ്റോവ എന്നിവരും മൂന്നാംറൗണ്ടിലെത്തി.
നിലവിലെ ജേതാവും ലോക ഒന്നാംറാങ്കുകാരിയുമായ അമേരിക്കയുടെ സെറീന വില്യംസ് അനായാസ ജയത്തോടെ രണ്ടാംറൗണ്ടില്‍ ഇടംപിടിച്ചു.
ജപ്പാന്റെ തറോ ഡാനിയേലിനെയാണ് ഇന്നലെ നടന്ന രണ്ടാംറൗണ്ടില്‍ വാവ്‌റിന്‍ക നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചത്. ഒന്നാംസെറ്റ് ടൈബ്രേക്കറിലേക്കു നീണ്ടെങ്കിലും പിന്നീടുള്ള രണ്ടു സെറ്റുകളും സ്വിസ് താരം അനായാസം വരുതിയിലാക്കി. 7-6, 6-3, 6-4 എന്ന സ്‌കോറിനാണ് വാവ്‌റിന്‍ക വെന്നിക്കൊടി പാറിച്ചത്. നേരത്തേ ആദ്യറൗണ്ടില്‍ ലൂക്കാസ് റൊസോളിനെതിരേ അഞ്ചു സെറ്റുകള്‍ നീണ്ട മാരത്തണ്‍ പോരാട്ടത്തിനൊടുവില്‍ വാവ്‌റിന്‍ക മറികടക്കുകയായിരുന്നു.
പുരുഷ സിംഗിള്‍സ് രണ്ടാംറൗണ്ടിലെ മറ്റൊരു മല്‍സരത്തി ല്‍ അഞ്ചാം സീഡായ ജപ്പാന്റെ കെയ് നിഷികോരി 6-3, 6-3, 6-3നു റഷ്യയുടെ ആന്‍ഡ്രി കുസ്‌നെറ്റോസിനെ പരാജയപ്പെടുത്തി.
വനിതകളില്‍ ഫ്രാന്‍സിന്റെ മിര്‍തില്ലെ ജോര്‍ജസിനെയാണ് മുഗുറുസ നേരിട്ടുള്ള സെറ്റുകള്‍ക്കു നിഷ്പ്രഭയാക്കിയത്. സ്‌കോര്‍: 6-2, 6-0. ഹാലെപ് കസാക്കിസ്താന്റെ സറീന ദിയാസിനെ 7-6, 6-2നും ക്വിറ്റോവ ചൈനീസ് തായ്‌പേയിയുടെ സു വെയ സിയെയെ 6-4, 6-1നും കെട്ടുകെട്ടിക്കുകയായിരുന്നു.
സ്ലൊവാക്യയുടെ മഗ്ദലേന റിബരിക്കോവയെ സെറീന 6-2, 6-0നാണ് തുരത്തിയത്.
Next Story

RELATED STORIES

Share it