Flash News

ഫ്രഞ്ച് ഓപണ്‍ ബാഡ്മിന്റണ്‍ : പ്രണോയിക്കും പ്രണീതിനും വിജയത്തുടക്കം



പാരിസ്: ഫ്രഞ്ച് ഓപണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പുരുഷ താരങ്ങള്‍ക്ക് വിജയത്തുടക്കം. കിരീട പ്രതീക്ഷയായ എച്ച് എസ് പ്രണോയിയും ബി സായ് പ്രണീതും പുരുഷ സിംഗിള്‍സില്‍ രണ്ടാം റൗണ്ടില്‍ കടന്നു. വനിതാ വിഭാഗത്തില്‍ സൂപ്പര്‍ താരം പി വി സിന്ധുവും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. 21-15, 21-17 എന്ന സ്‌കോറിന് കൊറിയയുടെ വെറ്ററന്‍ താരം ലീ ഹ്യൂനെ തോല്‍പ്പിച്ചാണ് യുഎസ് ഒാപണ്‍ ചാംപ്യനായ പ്രണോയ് വിജയം ആരംഭിച്ചത്. തായ്‌ലന്‍ഡിന്റെ കൊസിത് ഫെത്പ്രദാപിനെ 21-13, 21-23, 21-19 എന്ന സ്‌കോറില്‍ പ്രണീതും തോല്‍പ്പിച്ചു. സ്പാനിഷ് താരം ബെട്രിസ് കൊറല്‍സിനെ തോല്‍പ്പിച്ച സിന്ധു (സ്‌കോര്‍: 21-19, 21-18) അടുത്ത റൗണ്ടില്‍ ജപ്പാന്റെ സയക തകഹാഷിയുമായി ഏറ്റുമുട്ടും. ലോക ഏഴാം നമ്പര്‍ താരം ലീ ചോങ് വെയ് ആണ് പ്രണീതിന്റെ അടുത്ത എതിരാളി. അതേസമയം, ഡെന്‍മാര്‍ക്കിന്റെ ഹന്‍സ് ക്രിസ്റ്റ്യന്‍ സോല്‍ബെര്‍ഗുമായി പ്രണോയിയും കരുത്ത് പരീക്ഷിക്കും. അതേസമയം, ഇന്ത്യന്‍ മിക്‌സഡ് ഡബിള്‍സ് ജോഡിയായ പ്രണാവ് ജെറി ചോപ്ര- എന്‍ സിക്കി റെഡ്ഡി സഖ്യം ഇന്തോനീസ്യയുടെ നാലാം സീഡ് ടോന്‍തോവി അഹമ്മദ്- ലിലിയാന നത്സിര്‍ സഖ്യത്തോട് പരാജയപ്പെട്ട് പുറത്തായി. 15-21, 12-21 എന്ന സ്‌കോറിനായിരുന്നു തോല്‍വി.
Next Story

RELATED STORIES

Share it