Sports

ഫ്രഞ്ച് ഓപണ്‍ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റിന് ഇന്നു തുടക്കം; കളിമണ്‍ കോര്‍ട്ടില്‍ ഇനി ആവേശപ്പോരാട്ടങ്ങള്‍

പാരിസ്: സീസണിലെ രണ്ടാം ഗ്രാന്റ്സ്ലാം ടെന്നിസ് ടൂര്‍ണമെന്റായ ഫ്രഞ്ച് ഓപണിന് ഇന്നു തുടക്കമാവും. കളിമണ്‍ കോര്‍ട്ടില്‍ നടക്കുന്ന ഏക ഗ്രാന്റ്സ്ലാം കൂടിയായ ഫ്രഞ്ച് ഓപണിന് റൊളാന്റ് ഗാരോസാണ് വേദിയാവുന്നത്. ടൂര്‍ണമെന്റിന്റെ 115ാം എഡിഷനാണ് ഇന്നു മുതല്‍ ജൂണ്‍ അഞ്ചു വരെ നടക്കുന്നത്.
സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്‌ലാസ് വാവ്‌റിന്‍കയാണ് നിലവിലെ പുരുഷ വിഭാഗം സിംഗിള്‍സ് ചാംപ്യന്‍. വനിതകളില്‍ ലോക ഒന്നാംനമ്പര്‍ അമേരിക്കന്‍ താരം സെറീന വില്യംസിനായിരുന്നു കഴിഞ്ഞ തവണ കിരീടം.
കളിമണ്‍കോര്‍ട്ടിലെ ചക്രവര്‍ത്തിയെന്നു വാഴ്ത്തപ്പെടുന്നത് മുന്‍ ലോക റാങ്കുകാരനായ സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാലാണ്. ഒമ്പതു തവണയാണ് നദാല്‍ ഫ്രഞ്ച് ഓപണില്‍ മുത്തമിട്ടത്.
2010 മുതല്‍ 14 വരെ തുടര്‍ച്ചയായി അഞ്ചു തവണ നദാലിന് എതിരാളികളുണ്ടായിരുന്നില്ല. എന്നാല്‍ തുടര്‍ച്ചയായ പരിക്കുകളെ തുടര്‍ന്ന് ഫോം നഷ്ടമായ നദാല്‍ റാങ്കിങിലും ഇപ്പോള്‍ പിറകിലാണ്. ഫ്രഞ്ച് ഓപണ്‍ തിരിച്ചുപിടിച്ച് തന്റെ ആധിപത്യം ഉറപ്പിക്കാമെന്ന വിശ്വാസത്തിലാണ് നദാല്‍ ഇത്തവണ റാക്കറ്റേന്തുന്നത്.
അതേസമയം, കന്നി ഫ്രഞ്ച് ഓപണ്‍ ലക്ഷ്യമിടുന്ന ലോക ഒന്നാംനമ്പര്‍ സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാജ് ജോകോവിച്ച്, സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍, ബ്രിട്ടീഷ് സ്റ്റാര്‍ ആന്‍ഡി മുറേ എന്നിവരില്‍ നിന്നു നദാലിനു കനത്ത ഭീഷണി നേരിടേണ്ടിവരും.
വനിതകളില്‍ മുന്‍ ലോക ഒന്നാംനമ്പര്‍ റഷ്യന്‍ താരം മരിയ ഷറപ്പോവയുടെ അസാന്നിധ്യമാണ് ടൂര്‍ണമെന്റിന്റെ പ്രത്യേകത. ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ട താരം സസ്‌പെന്‍ഷനിലാണ്.
Next Story

RELATED STORIES

Share it