ഫോറന്‍സിക് ഫലംഗൗരിക്കും കല്‍ബുര്‍ഗിക്കും വെടിയേറ്റത് ഒരേ തോക്കില്‍ നിന്ന്

ബംഗളൂരു: കന്നഡ എഴുത്തുകാരന്‍ എം എം കല്‍ബുര്‍ഗിയെയും മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെയും കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് ഒരേ തോക്കാണെന്ന് ഫോറന്‍സിക് പരിശോധനാ ഫലം. ഇരുവര്‍ക്കും വെടിയേറ്റത് 7.65 എംഎമ്മിന്റെ നാടന്‍ തോക്ക് ഉപയോഗിച്ചാണെന്നാണ് ഫോറന്‍സിക് ഫലം വ്യക്തമാക്കുന്നത്. കര്‍ണാടക പോലിസിന്റെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിനൊപ്പമാണ് ഈ റിപോര്‍ട്ട്. ഇരുവരുടെയും മരണത്തിനു പിന്നില്‍ ഒരേ സംഘമാണെന്നാണ് പോലിസിന്റെ അനുമാനം. ഇതു വ്യക്തമാക്കുന്ന ആദ്യത്തെ ഔദ്യോഗിക തെളിവാണ് ഈ ഫോറന്‍സിക് റിപോര്‍ട്ട്.
2017 സപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബംഗളൂരുവിലെ വസതിക്കു മുന്നില്‍ കൊല്ലപ്പെടുന്നത്. ഇതിന് രണ്ടു വര്‍ഷം മുമ്പ് 2015 ആഗസ്ത് 30നാണ് കല്‍ബുര്‍ഗി വെടിയേറ്റു മരിച്ചത്. ഗൗരി ലങ്കേഷിന്റെ ശരീരത്തില്‍ നിന്ന് മൂന്നു വെടിയുണ്ടകളും കല്‍ബുര്‍ഗിയുടെ ശരീരത്തില്‍ നിന്ന് രണ്ടു വെടിയുണ്ടകളുമാണ് കണ്ടെത്തിയത്. 2015 ഫെബ്രുവരിയില്‍ കോലാപ്പൂരില്‍ ഇടതു ചിന്തകനും പണ്ഡിതനുമായ ഗോവിന്ദ് പന്‍സാരെയും ഭാര്യയും 2013 ആഗസ്തില്‍ പൂനെയില്‍ യുക്തിവാദിയും എഴുത്തുകാരനുമായ നരേന്ദ്ര ദാബോല്‍ക്കറും കൊല്ലപ്പെട്ടത് സമാനമായ 7.65 എംഎം തോക്കില്‍ നിന്നുള്ള വെടിയുണ്ടയേറ്റാണെന്ന്  കണ്ടെത്തിയിരുന്നു. കെ ടി നവീന്‍കുമാര്‍ എന്ന ഹിന്ദു യുവസേനാ പ്രവര്‍ത്തകനടക്കം അഞ്ചുപേര്‍ക്കെതിരേയാണ് ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പോലിസ് കുറ്റപത്രം സമര്‍പ്പിച്ചത്. സനാതന്‍ സന്‍സ്ഥ, ഹിന്ദു ജന്‍ജാഗൃതി സമിതി എന്നീ ഹിന്ദുത്വ സംഘടനകളില്‍പ്പെട്ടവരാണ് പ്രതികളെല്ലാം.
എന്നാല്‍, ഗൗരി ലങ്കേഷിനെ വെടിവച്ച മുഖ്യപ്രതിയെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഇനിയും സാധിച്ചിട്ടില്ല. ഗൗരി ലങ്കേഷിന്റെ ആര്‍ആര്‍ നഗറിലെ വസതിയിലെ സിസിടിവി ദൃശ്യങ്ങള്‍പ്രകാരം, വെടിവച്ചത് 5.1 അടി ഉയരമുള്ള വ്യക്തിയാണ്. അറസ്റ്റ് ചെയ്യപ്പെട്ട അഞ്ചു വ്യക്തികളിലും അയാളോട് സാമ്യമുള്ള ആരുമില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഓഫിസര്‍ പറയുന്നു. കേസിലെ മൂന്നാംപ്രതിയായ അമോല്‍ കാലെയുടെ സുഹൃത്തും മഹാരാഷ്ട്രക്കാരനുമായ നിഹാലിന് വേണ്ടി പ്രത്യേക അന്വേഷണസംഘം തിരച്ചിലിലാണ്. ഇയാളായിരിക്കണം വെടിവച്ചതെന്നാണ് പോലിസ് സംശയിക്കുന്നത്.
Next Story

RELATED STORIES

Share it